എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മൂന്നാമത്തെ സമൻസ് ഒഴിവാക്കിയ വിഷയത്തിൽ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കെജ്‌രിവാൾ. ഒരു അഴിമതിയും നടന്നിട്ടില്ല എന്നതാണ് സത്യം. തന്നെ അറസ്റ്റ് ചെയ്യാൻ ബിജെപി ആഗ്രഹിക്കുന്നു. തന്റെ ഏറ്റവും വലിയ സമ്പത്ത് സത്യസന്ധതയാണ്, അവർ അത് തകർക്കാൻ ആഗ്രഹിക്കുന്നു എന്നും കെജ്രിവാൾ പറഞ്ഞു. താൻ ഒരു അഴിമതിയിലും ഉൾപ്പെട്ടിട്ടില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തടയാൻ ബിജെപി ആഗ്രഹിക്കുന്നുവെന്നും കെജ്രിവാൾ ആരോപിച്ചു. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് എഎപി നേതാക്കൾ ആരോപിച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം.
കെജ്രിവാളിന്റെ വസതിയില്‍ ഇന്ന് റെയ്ഡ് നടത്തിയ ശേഷം അദ്ദേഹത്തെ ഇഡി അറസ്റ്റ് ചെയ്യുമെന്ന് അതിഷി ഉള്‍പ്പെടെയുള്ള എഎപി നേതാക്കള്‍ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ വിസമ്മതിച്ചതിന് കെജ്രിവാൾ അയച്ച മറുപടി പരിശോധിച്ചുവരികയാണെന്നും ആരോപണവിധേയമായ ഡൽഹി എക്സൈസ് നയ കേസിൽ അന്വേഷണത്തിന് ഹാജരാകാൻ അദ്ദേഹത്തിന് നാലാമത്തെ സമൻസ് അയച്ചേക്കുമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച പറഞ്ഞിരുന്നു.
അതേസമയം ബുധനാഴ്ച ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ട് കെജ്‌രിവാളിന് ഇഡി സമൻസ് അയച്ചിരുന്നു. കഴിഞ്ഞ രണ്ടു തവണത്തെ സമൻസുകളെ പോലെ മൂന്നാമത്തെ സമൻസും കെജ്‌രിവാൾ ഒഴിവാക്കിയിരുന്നു. സമൻസ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ആരോപിച്ച കെജ്‌രിവാൾ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന് അഞ്ച് പേജുള്ള മറുപടി അയച്ചു. അന്വേഷണ ഏജൻസിയുടേത് വെളിപ്പെടുത്താത്തതും പ്രതികരിക്കാത്തതുമായ സമീപനമാണ്. നിയമം, തുല്യത നീതി എന്നിവ പരിശോധിക്കാൻ ഇഡി യ്ക്ക് കഴിയണം. ഈ ശാഠ്യം ജഡ്ജി, ജൂറി, ആരാച്ചാർ എന്നിവരുടെ പങ്ക് ഏജൻസി ഏറ്റെടുക്കുന്നതിന് തുല്യമാണെന്നും കെജ്‌രിവാൾ മറുപടിയിൽ പറഞ്ഞു.