ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. അല്‍ഫോണ്‍സ് കണ്ണന്താനം കെ.എസ്. രാധാകൃഷ്ണന്‍, വി.വി. രാജേഷ്, കെ.കെ. അനീഷ് കുമാര്‍, നിവേദിത എന്നിവര്‍ കോര്‍ കമ്മിറ്റിയിലുൾപ്പെട്ടപ്പോൾ ശോഭ സുരേന്ദ്രനും സുരേഷ് ഗോപിയും കമ്മിറ്റിയിലില്ല. പുതുമുഖങ്ങളെയാണ് ഏറെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കെ. സുരേന്ദ്രന്‍, ഒ. രാജഗോപാല്‍, വി. മുരളീധരന്‍, സി.കെ. പത്മനാഭന്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, എം.ടി. രമേശ്, ജോര്‍ജ് കുര്യന്‍, സി കൃഷ്ണകുമാര്‍, പി. സുധീര്‍, എ.എൻ. രാധാകൃഷ്ണന്‍, എം. ഗണേശന്‍, കെ. സുഭാഷ് എന്നിവരായിരുന്നു നിലവിലുണ്ടായിരുന്ന കോര്‍ കമ്മറ്റി അംഗങ്ങള്‍. ഈ കമ്മറ്റിയിലേക്ക് ശോഭാ സുരേന്ദ്രനെയും സുരേഷ് ഗോപിയെയും ഉള്‍പ്പെടുത്താന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, സംസ്ഥാന നേതൃത്വം ഇതിന് തയ്യാറായില്ലെന്നാണ് അറിയുന്നത്.
ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കണ്ണന്താനത്തെ ഉൾപ്പെടുത്തിയതെന്നാണ് സൂചന. പ്രസിഡന്‍റും മുൻ പ്രസിഡന്‍റുമാരും ജനറൽ സെക്രെട്ടറിമാരേയും മാത്രമാണ് പൊതുവെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താറുള്ളത്.ഇതില്‍പ്പെടാത്ത ഡോ. കെഎസ് രാധാകൃഷ്ണനെ ഉള്‍പ്പെടുത്താന്‍ നേരത്തെ തീരുമാനമായിരുന്നു.