ബെംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് സ്ഥിരീകരിക്കാത്ത പരാമർശങ്ങൾ നടത്തി കർണാടക മന്ത്രിമാർ പോലീസ് അന്വേഷണത്തെ സ്വാധീനിക്കരുതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. അന്വേഷണത്തെ സ്വാധീനിക്കുന്നതിൽ നിന്നും മുൻവിധികളിൽ നിന്നും വിട്ടുനിൽക്കാൻ സംസ്ഥാന മന്ത്രിമാരോട് നിർദേശിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയോടും സിറ്റി പോലീസ് കമ്മീഷണറോടും കേന്ദ്രമന്ത്രി അഭ്യർത്ഥിച്ചു.
ഗ്യാസ് സിലിണ്ടർ സ്‌ഫോടനവും തുടർന്ന് ബിസിനസ്സ് വൈരാഗ്യവും പോലുള്ള പ്രസ്താവനകൾ നടത്തി അന്വേഷണത്തെ സ്വാധീനിക്കുന്നതും മുൻവിധി കാണിക്കുന്നതും ചെയ്യുന്നതിൽ നിന്ന് മന്ത്രിമാരെ തടയണമെന്നാണ് ബെംഗളൂരു പോലീസ് കമ്മീഷണറോടും മുഖ്യമന്ത്രി സിദ്ധരാമയ്യയോടും അഭ്യർത്ഥിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം രാമേശ്വരം കഫേ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാണ്. ഇതുവരെ ലഭിച്ച വിവിധ സൂചനകൾക്കായി നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും കേസിൻ്റെ സൂക്ഷ്മതയും സുരക്ഷാ ആശങ്കകളും കണക്കിലെടുത്ത്, ഊഹാപോഹങ്ങളിൽ ഏർപ്പെടരുതെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നതായി ബംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പരാമർശം.
ശനിയാഴ്ച പുറത്തുവന്ന പുതിയ സിസിടിവി ദൃശ്യങ്ങളിൽ സ്‌ഫോടനം നടത്തിയ പ്രതി സ്‌ഫോടക വസ്തുക്കളുള്ള ബാഗുമായി കഫേയിലേക്ക് പോകുന്നത് വ്യക്തമായിരുന്നു. ഏകദേശം 28 നും 30 നും ഇടയിൽ പ്രായമുള്ള യുവാവാണ് ഇയാളെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ ഒന്നിലധികം പോലീസ് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്.