പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാമർശം ഉള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ” തടഞ്ഞതിനെതിരെ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഡോക്യുമെന്ററിയുടെ ലിങ്കുകൾ പങ്കുവയ്ക്കുന്ന ട്വീറ്റുകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചുള്ള ഉത്തരവിന്റെ ആധികാരിക രേഖ ഹാജരാക്കാനും കേന്ദ്രത്തോട് സുപ്രീംകോടതി നിർദ്ദേശിച്ചു. മറുപടി സമർപ്പിക്കാൻ മൂന്നാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.
തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാം, അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, എം എൽ ശർമ എന്നിവർ സമർപ്പിച്ച ഹർജിയിൽ ആണ് സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചത്.
ഡോക്യുമെന്ററി തടഞ്ഞതിനും ലിങ്കുകൾ സാമൂഹ്യമാധ്യമങ്ങൾ അടക്കമുള്ളവയിൽ നിന്നും നീക്കം ചെയ്തതിനും എതിരെയാണ് ഹർജി നൽകിയത്. ഇതിനായി കേന്ദ്രം അധികാരം ഉപയോഗപ്പെടുത്തിയതിന് ഹർജിക്കാർ ചോദ്യം ചെയ്തു. ഡോക്യുമെന്ററി തടഞ്ഞുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് കേന്ദ്രം പുറപ്പെടുവിക്കാത്തതുകൊണ്ട് തന്നെ ഇത്തരം നടപടി ദുരുദ്ദേശപരവും ഭരണഘടനാ വിരുദ്ധവും ആണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഡോക്യുമെന്ററി തടഞ്ഞതിലൂടെ പൗരന്മാരുടെ കാര്യങ്ങൾ അറിയാനുള്ള അവകാശത്തെയാണ് കേന്ദ്രസർക്കാർ ഇല്ലാതാക്കിയതൊന്നും ഹർജിയിൽ പറയുന്നു. ഡോക്യുമെന്ററി കാണുന്നതിനുള്ള നിരോധന ഉത്തരവുകൾ കേന്ദ്രം പിൻവലിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ജനുവരി 21 ആം തീയതിയാണ് വിവാദ ഡോക്യുമെന്ററിയുടെ ലിങ്കുകൾ യൂട്യൂബ്, ട്വിറ്റർ എന്നിവയിൽ നിന്നും നീക്കം ചെയ്യാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഉത്തരവിട്ടത്.