ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായി തലസ്ഥാനനഗരിയായ തിരുവനന്തപുരം. ഇന്ന് രാവിലെ ശുദ്ധപുണ്യാഹത്തിനുശേഷമാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചത്. മുന്നിലെ പാട്ടുപരയില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടി. പാട്ടുതീര്‍ന്നതോടെ ശ്രീകോവിലില്‍നിന്നു ദീപം പകരുന്ന ചടങ്ങിലേക്ക് തന്ത്രി കടന്നു. ശ്രികോവിലിൽ നിന്നും കൊളുത്തിയ ദീപത്തിൽ നിന്നും പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നതിന് പിന്നാലെ ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ വിശ്വാസികൾ പൊങ്കാലയിട്ടു. ഉച്ചയ്ക്ക് 2. 30 തിനാണ് നിവേദ്യം. പൊങ്കാല ദിനം വിശ്വാസികളുടെ തിരക്കിലാണ് തിരുവനന്തപുരം നഗരമുടനീളം.
വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിട്ടുള്ളത്. മറ്റ് ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ഭക്തരുടെ തിരക്കിലാണ് നഗരം. റെയിൽവേയും കെഎസ്ആർടിസിയും പൊങ്കാലയോട് അനുബന്ധിച്ച് പ്രത്യേകം സർവീസ് നടത്തുന്നുണ്ട്.
ഉയര്‍ന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മതിയായ പരിചരണവും ചികിത്സയും നല്‍കാനായി 4 ഹീറ്റ് ക്ലിനിക്കുകള്‍ കൂടി ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, ഫോര്‍ട്ട് താലൂക്ക് ആശുപത്രി, ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രം, ചാല അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങിലാണ് ഹീറ്റ് ക്ലിനിക്കുകള്‍ പ്രവർത്തിക്കുന്നത്.
ഉച്ചയ്ക്ക് 2.30-ന് ഉച്ചപൂജയ്ക്കുശേഷം ക്ഷേത്രപൂജാരി പണ്ടാരയടുപ്പിലെ പൊങ്കാല നിവേദിക്കും. ക്ഷേത്ര ട്രസ്റ്റ് നിയോഗിച്ച 250-ലേറെ പൂജാരിമാര്‍ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ തീർത്ഥം തളിക്കും. ഈ സമയത്ത് ആകാശത്തുനിന്ന് വായുസേനയുടെ ചെറുവിമാനത്തില്‍ പുഷ്പവൃഷ്ടിയുമുകും.
രാത്രി 11-ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. തിങ്കളാഴ്ച പുലര്‍ച്ചെ മണക്കാട് ശാസ്താക്ഷേത്രത്തില്‍ ഇറക്കിപ്പൂജയ്ക്കു ശേഷം മടക്കിയെഴുന്നള്ളത്ത്. കുത്തിയോട്ടം, സായുധ പോലീസ്, പഞ്ചവാദ്യം, കലാരൂപങ്ങള്‍ എന്നിവ അകമ്പടിയാകും. രാവിലെ 8-ന് അകത്തെഴുന്നള്ളിപ്പ്. രാത്രി കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. 12.30-ന് നടക്കുന്ന കുരുതിതര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.