പ്രതീക്ഷകൾ വാനോളം ഉയർത്തി കേരളത്തിൽ നാളെ നിയമസഭാ വേട്ടെടുപ്പ് നടക്കും. 110 സീറ്റിൽ ജയിക്കാൻ കഴിയുമെന്ന് പ്രത്യേക മന്ത്രിസഭായോഗത്തിൽ വിലയിരുത്തിയശേഷമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽത്തന്നെ എൽ.ഡി.എഫ്. ജനങ്ങളിലേക്കിറങ്ങിയത്. കേരളത്തിൽ 23 മണ്ഡലങ്ങളിൽ ശക്തമായ ത്രികോണമത്സരം നടക്കുന്നുണ്ടെന്നും വിജയസാധ്യതയുണ്ടെന്നുമാണ് ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ. പത്തുവർഷം അധികാരത്തിൽനിന്ന് പുറത്തായതിന്റെ ക്ഷീണത്തിൽനിന്ന് സടകുടഞ്ഞെഴുന്നേറ്റാണ് യു.ഡി.എഫ്. പോർമുഖത്തേക്കിറങ്ങിയത്. തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മൂന്നാമതും അധികാരത്തിലെത്താനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്നതിന്റെ ക്ഷീണം മാറ്റി ശക്തമായ തെരഞ്ഞെടുപ്പിലേക്ക് തിരിച്ചെത്താനാണ് യു.ഡി.എഫ് ശ്രമം.
മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി കുറഞ്ഞ സമയം മാത്രമാണ് ഇക്കുറി മുന്നണികള്‍ക്ക് പ്രചാരണത്തിന് ലഭിച്ചത്. എന്നാല്‍, അത്് രാഷ്ട്രീയവിവാദങ്ങളെയൊന്നും സ്വാധീനിച്ചില്ല. മുന്‍ തെരഞ്ഞെടുപ്പുകള്‍ക്ക് സമാനമായി നിരവധി രാഷ്ട്രീയവിവാദങ്ങള്‍ 2026 നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഉണ്ടായി. മൂന്നുമുന്നണികൾക്കും പ്രതീക്ഷനൽകുന്ന അഭിപ്രായസർവേകളാണ് പുറത്തുവന്നത് എന്നതും ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകതയാണ്.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ഡീല്‍ ആരോപണം ഉയര്‍ത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് പ്രചാരണവേളയിലെ ആദ്യ രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തിയത്. പാലക്കാട് എന്‍.എം.ആര് റസാഖിനെ സി.പി.എം സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെയായിരുന്നു ആരോപണം. പാലക്കാട് ബി.ജെ.പി സഹായിക്കുന്നതിന് വേണ്ടിയാണ് സി.പി.എം ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്നായിരുന്നു സതീശന്റെ ആരോപണം. കേരളത്തില്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ഡീലുണ്ടെന്ന ആരോപണം കേരളത്തില്‍ വലിയ ചര്‍ച്ചയായി.
ഇതിന് മുന്‍ തെരഞ്ഞെടുപ്പുകളിലെ വോട്ടുനില ഉള്‍പ്പടെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള ഇടതുനേതാക്കള്‍ മറുപടിയുമായെത്തി. ഇതിന് പിന്നാലെ എസ്.ഡി.പി.ഐ ബന്ധമായിരുന്നു കേരളത്തിലെ ചൂടേറിയ രാഷ്ട്രീയചര്‍ച്ച. എസ്.ഡി.പിയുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ സി.പി.എം ഉരുണ്ടുകളിച്ചു. മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നിരന്തരമായ വാഗ്വാദങ്ങള്‍ക്കും ഇത് കാരണമായി. തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളെ ചൂടുപിടിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തമ്മിലുള്ള വാഗ്വാദങ്ങളായിരുന്നു. ഒടുവില്‍ വിവാദം പോ മോനെ, ഡാഷ് മോനെ വിളികളിലേക്ക് വരെയെത്തി. ഇരുപക്ഷത്തിന്‍േറയും അണികള്‍ അരയും തലയും മുറുക്കി സ്വന്തം നേതാക്കളെ സംരക്ഷിക്കാനിറങ്ങിയതും കാഴ്ചയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേരളത്തിലെത്തിച്ച് കാടിളക്കി പ്രചാരണം നടത്താനും ബി.ജെ.പി നേതൃത്വം ശ്രമിച്ചു. എല്‍.ഡി.എഫും കോണ്‍ഗ്രസും തമ്മിലാണ് ഡീല്‍ എന്ന് പറയാനാണ് ബി.ജെ.പി ശ്രമിച്ചത്.
കേരളത്തോടൊപ്പം അസമും പുതുച്ചേരിയും നാളെ പോളിങ് ബൂത്തിലെത്തും. അസമിലെ126 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യവും കോൺഗ്രസ് നേതൃത്വം നൽകുന്ന എ എസ്എം സഖ്യവും തമ്മിലാണ് പോരാട്ടം. ബിജെപി തുടർച്ചയായ മൂന്നാം സർക്കാർ ലക്ഷ്യമിടുമ്പോൾ പത്തുവർഷത്തിന് ശേഷം ഭരണത്തിൽ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ജാലുക്ബാരി മണ്ഡലത്തിലും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ഗൗരവ് ഗൊഗോയ് ജോർഹട്ട് മണ്ഡലത്തിലുമാണ് ജനവിധി തേടുന്നത്.

