നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിൽ ത്രികോണ പോര് നടന്നപ്പോൾ എൽഡിഎഫിന് പത്ത് കൊല്ലമായി കൈവശം വെച്ചിരുന്ന സീറ്റ് നഷ്ടമായി. നിലമ്പൂരിൽ 11005 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. പി.വി അൻവറിന്റെ പിന്തുണയില്ലാതെ ആര്യാടൻ ഷൗക്കത്തിലൂടെ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് സ്വന്തമാക്കിയപ്പോൾ യുഡിഎഫിന് അത് ഇരട്ടി മധുരമായി. എൽഡിഎഫ് കോട്ടകളിൽ വിള്ളൽ ഉണ്ടായെന്നാണ് വോട്ടുകണക്ക് വ്യക്തമാക്കുന്നത്. കരുളായി, പോത്തുകല്ല് പഞ്ചായത്തുകളിൽ എൽഡിഎഫ് വോട്ടുകളിൽ കാര്യമായ ഇടിവുണ്ടായി. മുനിസിപ്പാലിറ്റിയിൽ എൽഡിഎഫിന് 10 കൊല്ലമായി ഉണ്ടായിരുന്ന ആധിപത്യവും നഷ്ടമായി. ഭരണ വിരുദ്ധ വികാരം ശക്തമെന്ന സൂചനയാണ് ഫലം ചൂണ്ടിക്കാട്ടുന്നത്. പിവി അൻവർ 13 ശതമാനത്തിലേറെ വോട്ട് നേടിയിട്ടും മണ്ഡല പുനർനിർണയത്തിന് ശേഷമുള്ള മികച്ച ഭൂരിപക്ഷത്തിലേക്കാണ് യുഡിഎഫ് ക്യാംപ് നീങ്ങുന്നത്.
എട്ട് തവണ ആര്യാടൻ മുഹമ്മദ് വിജയിച്ച മണ്ഡലത്തിൽ ഇനി മകൻ ആര്യാടൻ ഷൗക്കത്ത് എംഎൽഎ. ആര്യാടൻ ഷൗക്കത്തിൻ്റെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2011ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ധോണിയുടെയും 2022ല്‍ ഫുട്ബോൾ ലോകകപ്പ് ഉയര്‍ത്തി ലിയോണൽ മെസിയുടെയും കൂടെ ചിത്രം പങ്കുവെച്ചാണ് സതീശൻ നിലമ്പൂരിലെ വിജയത്തിന്‍റെ സന്തോഷം പങ്കുവെച്ചത്.
യുഡിഎഫിന് വലിയ സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ലെന്നും എൽഡിഎഫ് സ്വാധീന കേന്ദ്രങ്ങളിലെല്ലാം ഇത്തവണ യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കി. മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും നഗരസഭയിലും ആര്യാടൻ ഷൗക്കത്ത് ലീഡ് നേടി. വഴിക്കടവ് പഞ്ചായത്ത്, മൂത്തേടം പഞ്ചായത്ത്, എം.സ്വരാജിന്‍റെയും, ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയിയുടെയും പഞ്ചായത്തായ എടക്കര പഞ്ചായത്ത്, പോത്തുകല്ല് പഞ്ചായത്ത്, ചുങ്കത്തറ പഞ്ചായത്ത്, നിലമ്പൂർ നഗരസഭ എന്നിവിടങ്ങളിൽ ആര്യാടൻ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കി. സിപിഎം സാധീനമേഖലയിലും ഷൗക്കത്ത് വോട്ട് വർധിപ്പിച്ചുവെന്നതാണ് ശ്രദ്ധേയം.