ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഇന്നും ജാമ്യം ലഭിച്ചില്ല. ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ബിലാസ്പുര്‍ കോടതിയില്‍ കേസിന്റെ വാദം പൂര്‍ത്തിയായി, വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി എന്നാണ് പുറത്തുവരുന്ന വിവരം. നാളെ രാവിലെ 11 മണിയോടെ ജാമ്യാപേക്ഷയിലെ വിധി അറിയാന്‍ കഴിയും എന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ് എന്ന വാദം ഉയര്‍ത്തിയാണ് പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജി എതിര്‍ത്തത്. കന്യാസ്ത്രീകള്‍ ജയിലിലായിട്ട് ഇന്നത്തോടെ എട്ട് ദിവസം പൂര്‍ത്തിയാകും. നാളെയും ജാമ്യം ലഭിക്കാത്ത പക്ഷം, വീണ്ടും രണ്ടുദിവസം കൂടി കന്യാസ്ത്രീകള്‍ ജയിലില്‍ കഴിയേണ്ടിവരും.
“നാരായൺപൂരിലെ മൂന്ന് പെൺമക്കൾക്ക് നഴ്സിംഗ് പരിശീലനവും തുടർന്ന് ജോലിയും വാഗ്ദാനം ചെയ്തു” എന്നും മനുഷ്യക്കടത്ത് വഴി അവരെ മതപരിവർത്തനം ചെയ്യാൻ ശ്രമം നടന്നിരുന്നുവെന്നും അവകാശപ്പെട്ടുകൊണ്ട് ബിജെപി നേതാവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ വിഷ്ണു ദിയോ സായ് അടുത്തിടെ കന്യാസ്ത്രീകൾക്കെതിരായ പോലീസ് നടപടിയെ ന്യായീകരിച്ചിരുന്നു.