തമിഴ്നാട്–കേരള അതിർത്തിയോടു ചേർന്നുള്ള അപ്പർ കോതയാർ വനമേഖലയില്‍ തമിഴ്നാട് തുറന്നുവിട്ട അരിക്കൊമ്പന്‍ കേരളത്തിലേക്ക് എത്തില്ലെന്ന നിഗമനത്തില്‍ കേരളത്തിലെ വനംവകുപ്പ് അധികൃതര്‍. കമ്പത്ത് ഇറങ്ങി ഭീതിപരത്തിയ കാട്ടാനയെ രണ്ട് ദിവസം മുൻപാണ് തേനിയിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടി തമിഴ്നാട്ടിലെ അപ്പർ കോതയാർ വനമേഖലയില്‍ തുറന്നുവിട്ടത്. കോതയാർ ഡാമിൽ നിന്നു വിതുര വഴി നെയ്യാർ വനമേഖലയിലേക്കു 130 കിലോമീറ്റർ ദൂരംമാത്രമാണുള്ളതെങ്കിലും നെയ്യാര്‍ മേഖലയിലേക്ക് അരിക്കൊമ്പന്‍ എത്താനുള്ള സാധ്യതകള്‍ ഇപ്പോൾ ഇല്ലെന്നാണ് വനംവകുപ്പ് വിലയിരുത്തുന്നത്.
കീഴ്ക്കാംതൂക്കായ പ്രദേശങ്ങൾ കൂടുതലായ സ്ഥലത്താണ് നിലവില്‍ അരിക്കൊമ്പൻ തങ്ങുന്നത്. പ്രതികൂല കാലാവസ്ഥയും സഞ്ചാരത്തിനു തടസ്സമുണ്ടാക്കുന്നു. കുറച്ചു ദിവസങ്ങൾ കൂടി നിരീക്ഷിച്ചാൽ മാത്രമേ അരിക്കൊമ്പന്റെ വഴി എങ്ങോട്ടാണെന്നു വ്യക്തമാകുകയുള്ളൂവെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്.
കോതയാർ ഡാമിന്റെ സമീപത്ത് നിന്ന് പുല്ലു കഴുകി തിന്നുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ തമിഴ്നാട് വനംവകുപ്പ് ചീഫ് സെക്രട്ടറി സുപ്രിയ സാഹു ഐഎഎസ് പുറത്ത് വിട്ടിരുന്നു.