ഇടുക്കിക്കാരുടെ ഭീതിയായി മാറിയ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ പറമ്പിക്കുളം മുതലമട പഞ്ചായത്തിൽ ഇന്ന് നടക്കുന്ന ഹർത്താൽ തുടരുകയാണ്. അരിക്കൊമ്പനെ വാഴച്ചാൽ വഴി പറമ്പിക്കുളത്ത് എത്തിക്കാനുള്ള നീക്കം ചെറുക്കുന്നതിനായി അതിരപ്പിള്ളി പഞ്ചായത്തിൽ ചേർന്ന സർവകക്ഷി യോഗമാണ് ഈ തീരുമാനമെടുത്തത്. ഇന്ന് രാവിലെ ആറു മണി മുതൽ വൈകീട്ട് ആറുവരെയാണ് പ്രതിഷേധം.
ഹർത്താലിന്റെ ഭാഗമായി കടകൾ അടച്ചിടുമെങ്കിലും വാഹനങ്ങൾക്ക് നിയന്ത്രണമില്ല. കടകമ്പോളങ്ങൾ അടച്ച് സഹകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മുഖേന സംഘാടകർ ആവശ്യപ്പെട്ടിട്ടുണ്ട്. പറമ്പിക്കുളം കടുവ സങ്കേതത്തിൽ അപകടകാരിയായ അരിക്കൊമ്പനെ കൊണ്ടുവിടാനുള്ള നീക്കത്തിനെതിരെയാണ് ജനരോഷം ഉയരുന്നത്. നിരവധി ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന മേഖലകൂടിയാണിത്.
വിഷയത്തിൽ നെന്മാറ എംഎല്‍എ കെ ബാബു ഹൈക്കോടതിയിൽ റിവ്യൂ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ ജനജീവിതത്തിന് ഭീഷണിയായ കാട്ടാനയെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം. അരിക്കൊമ്പൻ വിഷയത്തിൽ മുതലമട പഞ്ചായത്ത് ഇന്ന് ഹൈക്കോടതിയെ സമീപിക്കും.