ഇടുക്കിയിൽ ഭീതിപരത്തി ഇറങ്ങുന്ന കാട്ടാനയായ അരികൊമ്പനെ പിടികൂടാനുള്ള ദൗത്യം നടപടിക്രമങ്ങൾ പാലിച്ച് ഞായറാഴ്ച പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ദൗത്യം വിലയിരുത്താൻ മന്ത്രി എ കെ ശശീന്ദ്രൻ 25ന് ഇടുക്കിയിലെത്തും. വനം വകുപ്പ് ഉദ്യോഗസ്‌ഥരുടെ യോഗം 25 ന് ചേരും. 26ന് ദൗത്യം പൂർത്തിയായില്ലെങ്കിൽ മുന്നോട്ടെന്തെന്ന് കൂടിയാലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
ദൗത്യ സംഘത്തലവൻ ഡോ അരുൺ സഖറിയ വെള്ളിയാഴ്ചയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 25 ന് മോക്ക് ഡ്രിൽ നടത്തിയ ശേഷം 26 ന് അരിക്കൊമ്പനെ പിടികൂടാൻ കഴിയുമെന്നാണ് വനം വകുപ്പിൻറെ കണക്കു കൂട്ടൽ. നിലവിൽ അരിക്കൊമ്പന്‍റെ സഞ്ചാരപാത വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. അരികൊമ്പനെ പിടികൂടാനുള്ള സംഘത്തിലെ രണ്ടു കുങ്കിയാനകൾ കൂടി ഇന്ന് വയനാട്ടിൽ നിന്നും എത്തും. കുഞ്ചു, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനകളാണ് എത്തുക. കുങ്കിയാനകൾ എത്താനുള്ള കാലതാമസവും പ്ലസ് ടു പരീക്ഷയും കണക്കിലെടുത്താണ് മയക്കു വെടി വക്കുന്നത് ഞായറാഴ്ചത്തേക്ക് മാറ്റിയത്. മറ്റുകുങ്കിയാനകളായ വിക്രമനും സൂര്യനും നേരത്തെതന്നെ ദൗത്യത്തിന്റെ ഭാഗമായി ഇടുക്കിയിൽ എത്തിയിട്ടുണ്ട് . ദൗത്യത്തിന്‍റെ പശ്ചാത്തലത്തിൽ ചിന്നക്കനാൽ മേഖലയിലെ ജനങ്ങളെ ബോധവൽക്കരിക്കുന്ന നടപടികൾ ഇന്ന് തുടങ്ങും.
അതിനിടെ പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനയിറങ്ങി. പിള്ളത്തോട് പാലത്തിനടുത്ത് ഒറ്റയാനാണ് ഇറങ്ങിയത്. ആനയെക്കണ്ട് ഭയന്നോടിയ ടാപ്പിംഗ് തൊഴിലാളിക്ക് ചെറിയ പരിക്കേറ്റു. ടാപ്പിങ് തൊഴിലാളിയെ ഒറ്റയാൻ ഓടിച്ച റബ്ബർ തോട്ടത്തിൽ കാട്ടാനക്കൂട്ടവും ഇറങ്ങിയിട്ടുണ്ട്. 15 ലധികം ആനകളാണ് കൂട്ടത്തിലുള്ളത്. ഫീൽഡ് നമ്പർ 89,90 ലാണ് ആനക്കൂട്ടം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.