മുപ്പത്തിയാറ് വർഷത്തെ കാത്തിരിപ്പിന് ശേഷം അർജന്റീനയുടെ മണ്ണിലേക്ക് ലോക സ്വർണ്ണക്കപ്പ് എത്തുകയാണ്. ടീമിന് നൽകിയ പിന്തുണയ്ക്ക് ബംഗ്ലാദേശ്, ഇന്ത്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾക്കൊപ്പം കൊച്ചു കേരളത്തെയും അർജന്റീന ഫുട്‍ബോൾ അസോസിയേഷൻ പേരെടുത്ത് നന്ദി പറഞ്ഞു. അർജന്റീന ഫുട്‍ബോൾ അസോസിയേഷന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ആയിരുന്നു തങ്ങൾക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്ക് കേരള ജനതയ്ക്ക് നന്ദി അറിയിച്ചത്.
അർജന്റീനയുടെ കേരളത്തിലെ ആരാധകർ വിജയം ഏറ്റെടുത്ത് കഴിഞ്ഞു. ഇതിനിടയിലാണ് ഇരട്ടി മധുരമായി അർജന്റീനയുടെ അഭിനന്ദനവും എത്തിയിരിക്കുന്നത്. ഇന്നലെ സംസ്ഥാനത്ത് ഉടനീളം സ്‌ക്രീനിങ്ങുകളുമായി ഫുട്‍ബോൾ ആവേശം മൂർധന്യത്തിൽ എത്തിയിരുന്നു. പലപ്പോഴും പ്രവചനാതീതമായി കളി മാറിമറിഞ്ഞ മത്സരത്തിൽ ഒടുവിൽ അർജന്റീന തന്നെ കപ്പിൽ മുത്തമിട്ടു.