താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ തിരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാലാണ് ട്രഷറർ. ജയൻ ചേർത്തല, ലക്ഷ്മി പ്രിയ എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ. ആകെയുള്ള 504 അംഗങ്ങളിൽ 298 പേരാണ് വോട്ട് ചെയ്തത്. ഗിന്നസ് പക്രുവാണ് അവസാനമായി വോട്ട് ചെയ്തത്.
വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തന്നെ ഇരുതാരങ്ങളും ലീഡ് ചെയ്യുന്നുണ്ടായിരുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 504 അംഗങ്ങള്‍ ഉള്ളതില്‍ 298 പേര് മാത്രമാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണലിന്‍റെ ഫലപ്രഖ്യാപനം നാല് മണിക്കാണ് നടക്കുന്നത്. ഇത്തവണ വോട്ടിങ് ശതമാനത്തിൽ വലിയ കുറവാണുണ്ടായത്. കഴിഞ്ഞ തവണ 357 പേര് വോട്ട് രേഖപ്പെടുത്തിയ സ്ഥാനത്ത് ഇത്തവണ 298 പേര് മാത്രമാണ് വോട്ട് ചെയ്തത്. കഴിഞ്ഞതവണ 70 ശതമാനം ആയിരുന്ന പോളിംഗ് ഇത്തവണ 58 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
ശ്വേത മേനോനും ദേവനുമാണ് ഇത്തവണ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും മത്സരിക്കുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല, നാസർ ലത്തീഫ്, ലക്ഷ്മി പ്രിയ എന്നിവരാണ് മത്സരിക്കുന്നത്. ഉണ്ണി ശിവപാൽ, അനൂപ് ചന്ദ്രൻ എന്നിവര്‍ ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിക്കുന്നു. ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സ്ഥാനത്തേക്ക് നേരത്തെ 13 പേർ പത്രിക സമർപ്പിച്ചിരുന്നു. എന്നാല്‍ അന്‍സിബ ഒഴികെ മറ്റ് 12 പേരും പത്രിക പിന്‍വലിക്കുകയായിരുന്നു.
11 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 13 പേരാണ് മത്സരിക്കുന്നത്. ഇതില്‍ 4 സീറ്റ് വനിതാ സംവരണമാണ്. 7 ജനറൽ സീറ്റുകളും. കൈലാഷ്, സിജോയ് വർഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ് കീഴറ്റൂർ, വിനു മോഹൻ, നന്ദു പൊതുവാൾ, ജോയ് മാത്യു, നീന കുറുപ്പ്, സജിത ബേട്ടി, സരയൂ മോഹൻ, ആശ അരവിന്ദ്, അഞ്ജലി നായർ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിക്കുന്നത്.
ശ്വേതമേനോന് എതിരായ പരാതി, കുക്കു പരമേശ്വരനെതിരായ ആരോപണം തുടങ്ങി വിവാദങ്ങൾ കത്തിനിന്ന സമയത്താണ് ഇത്തവണത്തെ അമ്മ തെരഞ്ഞെടുപ്പ് നടന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ആരോപണ പ്രത്യാരോപണങ്ങളിലൂടെ കടന്നു പോയ ഒരു തെരഞ്ഞെടുപ്പ് അമ്മയിലുണ്ടായത്. മുതിർന്ന താരങ്ങളെയടക്കം ഇത്തവണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിക്കാനുള്ള വലിയ ശ്രമം നടത്തിയിട്ടുണ്ട്. താരങ്ങളായ ജനാർദ്ദനൻ, വത്സല മേനോൻ, ശ്രീനിവാസൻ, സലിം കുമാർ, ഇന്ദ്രൻസ്, ശ്രീരാമൻ, മല്ലിക സുകുമാരൻ, കൊല്ലം തുളസി എന്നിവരും വോട്ട് ചെയ്യാനെത്തി.എല്ലാവരും കൂടി ചേർന്ന് മികച്ച ഭരണം കാഴ്ച വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമ്മ മുൻ പ്രസിഡന്റ് മോഹൻലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം ശ്വേതാ മേനോന് എതിരായ പരാതിയിൽ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ താൻ അഭിനയം നിർത്തുമെന്നാണ് ബാബുരാജിന്റെ പ്രഖ്യാപനം.