കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായായ അലുവ അതുലിനെ നടുറോഡില്‍ അതിക്രൂരമായി ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങി പോകുമ്പോഴാണ് കാറിൽ എത്തിയ സംഘം ആക്രമിച്ചത്. അതുല്‍ സഞ്ചരിച്ചിരുന്ന കാര്‍ പിന്തുടര്ന്നെത്തി അതുലിന്റെ കാറിനെ ഇടിച്ച് കുഴിയിലേക്ക് ഇറക്കിയ ശേഷം പുറത്തേക്കിറക്കി വെട്ടുകയായിരുന്നു. ഇന്നോവ കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ അതുലിനെ കരുനാഗപ്പള്ളി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതിക്രൂരമായാണ് അതുലിനെ ആക്രമിച്ചത്. തലയോട്ടി വെട്ടി പിളര്‍ത്തി. ശരീരത്തില്‍ ഏഴ് ആഴത്തിലുള്ള വെട്ടേറ്റു. ഇടത്തെ കാലില്‍ നാല് വെട്ട് ഏറ്റു. വലത്തേ കാലിലും വലത്തേ കയ്യിലും വെട്ടേറ്റു. അതുലിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കുക്കു എന്ന് വിളിക്കുന്ന മനുവാണ് അലുവ അതുലിനു ഒപ്പം ഉണ്ടായിരുന്നത്. മനുവിനു കാര്യമായി പരുക്കില്ല. മനുവിനെ മര്‍ദിച്ച് സ്ഥലത്തു നിന്ന് ഓടിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ ബ്ലാക്ക് വിഷ്ണു നേതൃത്വം നല്കുന്ന കടത്തൂര്‍ ഗുണ്ടാ സംഘമാണ് എന്നാണ് സൂചന.
കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന ഗുണ്ടാനേതാവ് സന്തോഷിനെ കഴിഞ്ഞവർഷം മാർച്ച് 27നാണ് കൊലപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതിയായിരുന്നു അലുവ അതുൽ. കറണ്ട് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു.
അതേസമയം ജാമ്യത്തിലിറങ്ങിയാല്‍ അലുവ അതുലിനെ ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് ഒരാഴ്ച മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇരുസംഘങ്ങളും തമ്മില്‍ തുടര്‍ച്ചയായി സംഘര്‍ഷം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

