തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ഹൈദരാബാദ് പോലീസ് ആണ് നടനെ അറസ്റ്റ് ചെയ്തത്. അല്ലു നായകനായ പുതിയ ചിത്രം പുഷ്പ 2 ന്‍റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 39കാരിയായ യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് സംഘം ആണ് അല്ലു അർജുനെ അറസ്റ്റ് ചെയ്തത്. ജൂബിലി ഹിൽസിലെ വസതിയിൽ വച്ചാണ് നടനെ കസ്റ്റഡിയിൽ എടുത്തത്.
ഈ മാസം നാലിനായിരുന്നു സംഭവം. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഒപ്പമാണ് രേവതി ചിക്കഡ്പള്ളിയിലുള്ള തിയേറ്ററില്‍ സിനിമ കാണാന്‍ എത്തിയത്. ഷോ കഴിഞ്ഞ് പത്തരയോടെ തിയേറ്ററിന് പുറത്തിറങ്ങിയപ്പോള്‍ അല്ലു എത്തിയതറിഞ്ഞ് ആള്‍ക്കൂട്ടം ഉള്ളിലേക്ക് ഇടിച്ചുകയറി. തുടര്‍ന്ന് രേവതി ശ്വാസംമുട്ടി തളര്‍ന്നുവീണു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും മരണപ്പെടുകയായിരുന്നു. തിയേറ്ററില്‍ അപ്രതീക്ഷിതമായി നടന്‍ നേരിട്ടെത്തിയതോടെ വലിയ തിരക്കുണ്ടാകുകയും ഇതിനിടയില്‍പ്പെട്ട് ആന്ധ്ര സ്വദേശിയായ രേവതി മരിക്കുകയും ഇവരുടെ മകന്‍ ശ്രീതേജയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെതുടര്‍ന്ന് അല്ലു അര്‍ജിനെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ താന്‍ തിയേറ്ററിലെത്തുന്ന വിവരം മുന്‍കൂട്ടി തിയേറ്റര്‍ ഉടമയെയും പൊലീസിനെയും അറിയിച്ചിരുന്നതായി തെലങ്കാന ഹൈക്കോടതിയില്‍ കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ താരം പറയുന്നു.