ബിജെപിയെ വെല്ലുവിളിച്ച് പ്രധാനമന്ത്രി മോദിക്കെതിരെ അഖിലേഷ് യാദവ് രംഗത്തെത്തി. ഡൽഹിയിൽ നടക്കുന്ന പരിപാടികളിൽ തങ്ങൾക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും എന്നാൽ മണിപ്പൂരാണ് ഇപ്പോൾ വലിയ പ്രശ്‌നമെന്നും അഖിലേഷ് യാദവ്. മണിപ്പൂരിൽ ജി 20 പരിപാടി നടത്തി തെളിയിക്കാനാണ് അഖിലേഷ് യാദവ് വെല്ലുവിളിച്ചിരിക്കുന്നത്.
“ഉത്തർപ്രദേശിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നിരവധി ജി 20 പരിപാടികൾ നടന്നിരുന്നു, എന്നാൽ എന്തുകൊണ്ട് മണിപ്പൂരിൽ ഒരു പരിപാടിയും നടത്തിയില്ല?” ‘ജി20 കാ ചുനവ് കണക്ഷൻ’ സെഷനിൽ സംസാരിക്കവെ അഖിലേഷ് യാദവ് ചോദിച്ചു.
“രാജ്യത്തെ ഒരു സംസ്ഥാനത്തിൽ കുഴപ്പങ്ങൾ ഒന്നുമില്ലെന്ന് നിങ്ങൾ പറയുകയാണെങ്കിൽ, എന്തുകൊണ്ടാണ് അവിടെ ജി 20 പരിപാടി സംഘടിപ്പിക്കാത്തത്? മണിപ്പൂരിൽ ജി 20 പരിപാടി നടത്തി സ്ഥിതിഗതികൾ ശരിയാണെന്ന് ബിജെപി ലോകത്തെ കാണിക്കണം” അദ്ദേഹം ആവശ്യപ്പെട്ടു.