പൊലീസിനെതിരെ ആരോപണങ്ങളുമായി പത്തനംതിട്ടയിൽ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജ മൊഴി നൽകിയ അഫ്സാന. കസ്റ്റഡിയിൽ ക്രൂര മർദ്ദനമേറ്റെന്നും നൗഷാദിനെ കൊന്നെന്ന് പൊലീസ് മർദ്ദിച്ച് പറയിപ്പിച്ചതാണെന്നും അഫ്സാന ആരോപിച്ചു. നൗഷാദിനെ കൊന്നുകുഴിച്ചുമൂടിയെന്ന മൊഴിക്കു പിന്നാലെ അഫ്സാനയെ അറസ്റ്റ് ചെയ്തിരുന്നു. അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്നു പുറത്തിറങ്ങിയതിനു പിന്നാലെയാണ് പൊലീസിനെതിരെ ആരോപണവുമായി ഇവർ രംഗത്തെത്തിയത്. വനിതാ പൊലീസ് ഉൾപ്പെടെ മർദ്ദിച്ചു. പലതവണ പെപ്പർ സ്പ്രേ അടിച്ചു. മർദ്ദനം സഹിക്കവയ്യാതെയാണ് ഭർത്താവിനെ കൊന്നുവെന്ന് സമ്മതിച്ചതെന്നും പോലീസ് പറഞ്ഞു.
പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. നൗഷാദിന് മാനസിക വൈകല്യമുണ്ടെന്നും അഫ്സാന ആരോപിച്ചു. എന്തിനാണ് നാടുവിട്ടതെന്ന് അറിയില്ല. നേരത്തെ നിരന്തരം മദ്യപിച്ച് തന്നെ മർദ്ദിച്ചിരുന്നുവെന്നും അവർ ആരോപിച്ചു. വാർത്തകൾ കേട്ടപ്പോഴാണ് അവിടെ കൊണ്ടുപോയത് ഈ കുറ്റങ്ങൾ ചാർത്താനാണെന്ന് മനസ്സിലായത്. രണ്ടു ദിവസം ഭക്ഷണം തന്നില്ല, വെള്ളം കിട്ടിയില്ല, ഉറങ്ങാൻ സമ്മതിച്ചില്ല. പൊലീസുകാർ മുഖത്തുനോക്കി പച്ചത്തെറിയാണ് വിളിച്ചിരുന്നത്. വനിതാ പൊലീസും ഉയർന്ന പൊലീസുകാരടക്കം അടിച്ചു. മുറിവുകൾ പുറത്തുകാണിക്കാൻ പോലും പറ്റില്ല. വായിലേക്ക് പെപ്പർ സ്പ്രേ പ്രയോഗിച്ചു. ഇല്ലാത്ത കാര്യങ്ങളെല്ലാം എന്നെക്കൊണ്ട് സമ്മതിപ്പിച്ചു. പൊലീസ് പറയുന്നിടത്ത് കൂടെച്ചെല്ലണമെന്നായിരുന്നു അവരുടെ ആവശ്യം. രാത്രി മുഴുവൻ വാഹനത്തിൽ കറക്കി പുലർച്ചെ മൂന്ന് മണിക്കാണ് എന്നെ സ്റ്റേഷനിൽ കൊണ്ടുവന്നത് എന്നും അവർ പറഞ്ഞു.
ഒന്നര വർഷം മുൻപ് കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു അഫ്സാന പൊലീസിന് കഴിഞ്ഞ ദിവസം നൽകിയ മൊഴി. പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് താൻ നൗഷാദിനെ തലക്കടിച്ച് കൊന്നതെന്നായിരുന്നു അഫ്സാന പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അസ്ഥാനത്തില് പൊലീസ് അഫ്സാനക്കെതിരെ കൊലക്കുറ്റം ചുമത്തി. തുടർന്ന് റിമാൻഡിലായ അഫ്സാന അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുകയായിരുന്നു.
2021 നവംബറിലാണ് നൗഷാദിനെ കാണാതാകുന്നത്. പിതാവിന്റെ പരാതിയിൽ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞദിവസം, തുടരന്വേഷണത്തിനിടെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ്, ഭർത്താവിനെ താൻ കൊന്നുകുഴിച്ചിട്ടെന്ന് അഫ്സാന ‘സമ്മതിച്ചത്’. ഇതിന്റെ അടിസ്ഥാനത്തിൽ കൂടൽ പൊലീസ് വ്യാഴാഴ്ച ഇവർ വാടകയ്ക്കു താമസിച്ചിരുന്ന അടൂർ പരുത്തിപാറയിലെ വീട്ടിലും പരിസരത്തും തറ കുഴിച്ചും സമീപത്തെ സെമിത്തേരിയിലെ കല്ലറ തുറന്നും പരിശോധിച്ചെങ്കിലും തെളിവുകൾ ലഭിച്ചില്ല.