നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ ‘ദിലീപിന് നീതി കിട്ടി എന്ന് ആദ്യം പ്രതികരിച്ച അടൂര്‍ പ്രകാശ് തന്റെ പ്രസ്താവന വിവാദമായതോടെ വീണ്ടും പ്രസ്താവന തിരുത്തി. എന്നും അതിജീവിതക്ക് ഒപ്പമെന്ന് തിരുത്തല്‍. മാധ്യമങ്ങള്‍ നല്‍കിയത് ഒരു ഭാഗം മാത്രമെന്നും വിശദീകരണം. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും അടക്കമുള്ള നേതാക്കള്‍ കൂട്ടമായി കണ്‍വീനറുടെ നിലപാട് തള്ളിയതോടെയാണ് നിലപാട് മാറ്റിയത്. ദിലീപിന് നീതി ലഭിച്ചു എന്നാണ് എന്നാണ് എനിക്ക് പറയാനുള്ള അഭിപ്രായം. അദ്ദേഹം ഒരു കലാകാരന്‍ മാത്രമല്ല, അദ്ദേഹവുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന ഒരു വ്യക്തി കൂടിയാണ് ഞാന്‍ എന്ന് ആദ്യം അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അപ്പീലിന് പോകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സര്‍ക്കാര്‍ അപ്പീലിന് പോകും, മറ്റ് പണിയൊന്നുമില്ലല്ലോ എന്നായിരുന്നു മറുപടി. ആരെ ദ്രോഹിക്കാന്‍ ഉണ്ട് എന്നാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും കുറ്റപ്പെടുത്തി.
ദിലീപിനെ പിന്തുണച്ച് തിരഞ്ഞെടുപ്പ് ദിവസം അടൂര്‍ പ്രകാശ് കോണ്‍ഗ്രസിനെ വെട്ടിലാക്കുകയായിരുന്നു. വിവാദമായതോടെ പ്രസ്താവന തിരുത്തിയെങ്കിലും അടൂര്‍ പ്രകാശിന്റെ പ്രതികരണം എല്‍ഡിഎഫ് ആയുധമാക്കി. അടൂര്‍ പ്രകാശ് പറഞ്ഞത് യുഡിഎഫിന്റെ രാഷ്ട്രീയമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വോട്ട് ചെയ്തശേഷം രാവിലെ പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി നടന്‍ ദിലീപിനെ പിന്തുണച്ച് സംസാരിച്ചത്. പ്രതികരണം തിരിച്ചടിയാകുമെന്ന് മനസിലാക്കി കോണ്‍ഗ്രസ് നേതൃത്വം പൊടുന്നനെ തന്നെ അടൂര്‍ പ്രകാശിനെ തളളി.
തിരഞ്ഞെടുപ്പ് ദിവസം വീണുകിട്ടിയ രാഷ്ട്രീയ അവസരം ഉപയോഗപ്പെടുത്തുക ലക്ഷ്യംവെച്ച് മുഖ്യമന്ത്രി മുതലുളള ഇടത് നേതാക്കള്‍ അടൂര്‍ പ്രകാശിനെതിരെ രംഗത്ത് വന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നായപ്പോയാണ് അടൂര്‍ പ്രകാശ് പറഞ്ഞത് വിഴുങ്ങി മലക്കം മറിഞ്ഞത്. കോണ്‍ഗ്രസില്‍ നിന്ന് വി.ഡി.സതീശന്‍ രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ തുടങ്ങിയ നേതാക്കളും അടൂര്‍ പ്രകാശിനെ പരസ്യമായി തിരുത്തി.

