അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് വിടനൽകി ജന്മനാട്. വീട്ടിലും കളക്ടറേറ്റിലുമായി നൂറുകണക്കിന് ആളുകൾ നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിച്ചശേഷം വൈകീട്ട് നാലുമണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം നടന്നത്. മക്കളായ നിരഞ്ജനയും നിരുപമയുമാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്.
പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വിലാപയാത്രയായി കലക്ടറേറ്റിലെത്തിച്ചു. 11.30 വരെയാണ് കലക്ടറേറ്റിലെ പൊതുദർശനം. കളക്ട്രേറ്റിൽ നിന്ന് 11.30ഓടെ മലയാലപ്പുഴയിലെ വീട്ടിലെത്തിച്ച നവീൻ ബാബുവിന്റെ മൃതദേഹത്തിനരികിലിരുന്ന് പൊട്ടിക്കരയുന്ന ഭാര്യയും മക്കളും കണ്ടുനിൽക്കുന്നവരുടെ മനസിലും വലിയ വിങ്ങലായി. മിക്കവരും കണ്ണീരടക്കാനാകാതെയാണ് നവീൻ ബാബുവിന്റെ ഭൗതിക ശരീരത്തിന് അടുത്ത് നിന്നത്. പത്തനംതിട്ട മുൻ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അന്ത്യാഞ്ജലി അർപ്പിച്ചപ്പോൾ വികാരാധീനയായി. നവീൻ ബാബു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്ന് അനുസ്മരിച്ച് മറ്റൊരു മുൻ പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് ഫേസ്ബുക്ക് കുറിപ്പിട്ടു.
കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റത്തിന്റെ തലേന്ന് കണ്ണൂരിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ വച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നത്. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിന് പിന്നാലെ മണിക്കൂറുകൾക്കകമാണ് താമസിച്ച വീട്ടിനുള്ളിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.