കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്തിമ വാദം ഇന്നാരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അന്തിമഘട്ട വിചാരണ നടപടികൾ പുരോഗമിക്കുന്നത്. ഇന്നാരംഭിക്കുന്ന പ്രോസിക്യൂഷൻ വാദം രണ്ടാഴ്ചക്കാലം നീണ്ടുനിന്നേക്കും. അതേസമയം പ്രോസിക്യൂഷൻ സമയം നീട്ടി ചോദിച്ചേക്കും. ശേഷമാണ് കേസിലെ പ്രതിഭാഗം വാദം ആരംഭിക്കുക. അടുത്ത വർഷം ജനുവരി മധ്യത്തോടെ വിചാരണ നടപടികൾ പൂർത്തിയാക്കി കേസ് വിധി പറയാൻ മാറ്റിയേക്കും. കേസിൽ നടൻ ദിലീപ് ഉൾപ്പടെ 9 പ്രതികളുണ്ട്. കേസിൽ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ദിലീപ്. ബലാത്സംഗ ഗൂഡാലോചന കേസിലാണ് ദിലീപ് പ്രതിചേർക്കപ്പെട്ടത്.
ക്വട്ടേഷൻ്റെ ഭാഗമായി ബലാത്സംഗ കുറ്റകൃത്യം നടപ്പാക്കിയ പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. 2017 ഫെബ്രുവരി 17-നാണ് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽവെച്ച് നടി ബലാത്സംഗത്തിനിരയായത്. 2018 മാർച്ചിലാണ് കേസിലെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ പരിശോധിക്കപ്പെട്ടത്.
അതേസമയം ആക്രമിക്കപ്പെട്ട സംഭവത്തിൽ നീതിതേടി നടി രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. അതിജീവിതയായ നടിയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഇന്നലെ കത്തയച്ചത്. മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ചതില്‍ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതിക്ക് കത്തെഴുതിയത്. ഹൈക്കോടതിയ്ക്കും സുപ്രീം കോടതിയ്ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
മെമ്മറി കാര്‍ഡിൻ്റെ ഹാഷ് വാല്യൂ മാറിയെന്നും അത് പല തവണ തുറന്നുപരിശോധിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നടിയുടെ അസാധാരണ നീക്കം. അന്വേഷണ റിപ്പോർട്ടിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും കുറ്റക്കാർക്ക് എതിരെ നടപടി എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയിലെത്തിച്ച മെമ്മറി കാര്‍ഡ് തുറന്നതില്‍ ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയുണ്ടാകേണ്ടതെന്നും അതിനാലാണ് രാഷ്ട്രപതിയ്ക്ക് കത്തയച്ചതെന്നും നടി വ്യക്തമാക്കി. തന്‍റെ ജീവിതത്തിലുണ്ടായ ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവവുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡ് തുറന്നതായി തെളിവുണ്ടായിട്ടും സുപ്രിംകോടതിയില്‍ നിന്നുപോലും നടപടിയുണ്ടായില്ലെന്നും അതിജീവിത പറഞ്ഞു.