മാലിദ്വീപ് തലസ്ഥാനമായ മാലെയിലുണ്ടായ തീപിടിത്തത്തിൽ 9 ഇന്ത്യക്കാർ മരിച്ചു. തീപിടിത്തത്തിൽ ആകെ പത്ത് പേർ മരിച്ചതായാണ് അറിയുന്നത്. മരിച്ചവരിൽ ഒരാൾ ബംഗ്ലാദേശ് സ്വദേശിയാണ്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ വാഹന അറ്റകുറ്റപ്പണി നടത്തുന്ന ഗാരേജിൽ വ്യാഴാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. തകർന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നാണ് 10 മൃതദേഹങ്ങൾ കണ്ടെടുത്തത്. മരിച്ചവരിൽ അയൽരാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളും ഉൾപ്പെട്ടിരിക്കാമെന്ന് അധികൃതർ അറിയിച്ചു. മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളിലൊന്നായ ദ്വീപസമൂഹത്തിന്റെ തലസ്ഥാനം പ്രധാന അവധിക്കാല കേന്ദ്രങ്ങളിലൊന്നുകൂടിയാണിത്.
മാലിദ്വീപിലെ നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയാണ് വാർത്ത പുറത്തുവിട്ടത്. സഹായത്തിനായി എംബസി അധികൃതരെ സമീപിക്കാൻ ഫോൺ നമ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് മാലിദ്വീപ് പൊലീസ്. തീപിടിത്തമുണ്ടായതിനെ തുടർന്ന് പലായനം ചെയ്തവർക്കും ദുരിതമനുഭവിക്കുന്നവർക്കും ക്യാമ്പ് തുറന്നിട്ടുണ്ട്. ദുരിതാശ്വാസ സഹായവും പിന്തുണയും നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുകയാണെന്ന് അധികൃതർ അറിയിച്ചു.