ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട കൊളീജിയത്തിന് കേന്ദ്രസർക്കാറിന്റെ അംഗീകാരം. അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമ്മു അനുമതി നൽകി. രാജസ്ഥാൻ ഹൈക്കോടതി ജസ്റ്റിസ് പങ്കജ് മിത്തൽ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ , മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാർ, പട്ന ഹൈക്കോടതി ജഡ്ജി അസാനുദ്ദീൻ അമാനുല്ല, അലഹബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിവർക്കാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമനം. ഇവർ തിങ്കളാഴ്ച ചുമതലേയേൽക്കും.
കഴിഞ്ഞവർഷം ഡിസംബറിലായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ നൽകിയത്. നിയമനത്തിന് കൊളീജിയം ശുപാർശ നൽകി രണ്ടുമാസത്തിനു ശേഷമാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നത്. കൊളീജിയം ശുപാർശ ചെയ്ത പേരുകൾക്ക് അംഗീകാരം നൽകുന്നത് വൈകുന്നതുമായി ബന്ധപ്പട്ട് സുപ്രീം കോടതി കഴിഞ്ഞ ദിവസം കേന്ദ്രത്തെ അതൃപ്തി അറിയിച്ചിരുന്നു. വിഷയം ഗൗരവമേറിയതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. തുടർന്ന്, വിഷയത്തിൽ ഞായറാഴ്ചക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രം സുപ്രീം കോടതിക്ക് ഉറപ്പു നൽകിയിരുന്നു .അഞ്ച് നിയുക്ത ജഡ്ജിമാർ സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നതോടെ സുപ്രീം കോടതിയിലെ ജസ്റ്റിസുമാരുടെ അംഗസംഖ്യ 32 ആകും. നിലവിൽ, ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 27 ജസ്റ്റിസുമാരാണ് സുപ്രീം കോടതിയിലുള്ളത്.