മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ചികിൽസ ചെലവിനായി ചട്ടങ്ങൾ മറികടന്ന് അനുവദിച്ച പണമടക്കം സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് 37, 44, 199 രൂപയെന്ന് വിവരവകാശരേഖ. കെപിസിസി സെക്രട്ടറി സി.ആർ പ്രാണകുമാറിന് നിയമസഭ സെക്രട്ടേറിയേറ്റിൽ നിന്ന് ലഭിച്ച വിവരവകാശ മറുപടിയിലാണ് പി. ശ്രീരാമകൃഷ്ണനുവേണ്ടി സർക്കാർ ഖജനാവിൽ നിന്നു ചെലവഴിച്ച ലക്ഷങ്ങളുടെ കണക്കുകൾ പുറത്ത് വന്നത്.
മുൻ എംഎൽഎ മാർക്ക് സൗജന്യചികിൽസക്ക് അർഹതയുള്ളതും ഡോക്ടർ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ആ ജില്ലയിലെ ഗവൺമെന്റ് ആശുപത്രിയിലോ, ഗവൺമെന്റ് ആശുപത്രി ഇല്ലെങ്കിൽ മാത്രം അതേ ജില്ലയിലെ സർക്കാരിതര ആശുപത്രികളിലോ ചികിൽസ തേടാം എന്നാണ് ചട്ടം. ചികിൽസക്ക് ചെലവായ തുക സർക്കാർ അനുവദിക്കും. എന്നാൽ മെഡിക്കൽ അഡ്വാൻസ് അനുവദിക്കാൻ ചട്ടമില്ല. എന്നിരിക്കെ ഇത് മറികടന്നാണ് 18 ലക്ഷം അഡ്വാൻസ് അനുവദിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ന്യൂറോ സർജറി നടത്തുന്നതിനാണ് 18 ലക്ഷം മെഡിക്കൽ അഡ്വാൻസ് അനുവദിച്ചത്. അതിനിടെ ദുബായിലെ ആശുപത്രിയിൽ ചികിൽസനടത്താനും ചികിൽസ ചെലവ് ലഭിക്കാനും പ്രത്യേക അനുവാദം നൽകണമെന്നാവശ്യപെട്ട് പി. ശ്രീരാമകൃഷ്ണൻ സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്.
പി. ശ്രീരാമകൃഷ്ണൻ സ്പീക്കറായിരുന്ന 2016 മേയ് മുതൽ 2021 മേയ് വരെ ചികിത്സാ ചെലവിനായി നൽകിയത് 15, 68, 313 രൂപയാണ്. 2021 മേയ് മാസത്തിനുശേഷം മുൻ എംഎൽഎ എന്നനിലയിൽ ഏഴു തവണ പി.ശ്രീരാമകൃഷ്ണന് ചികിത്സാചെലവ് അനുവദിച്ചു. 21,75, 886 രൂപയാണ് ഇക്കാലയളവിൽ ചികിൽസ ചെലവിനായി അനുവദിച്ചത്. 2021 ഒക്ടോബർ 27 ലെ മന്ത്രിസഭ യോഗത്തിൽ വച്ചാണ് ചട്ടങ്ങളിൽ ഇളവ് വരുത്തി പി. ശ്രീരാമകൃഷ്ണന് ചികിൽസ ചെലവ് നൽകാൻ തീരുമാനമായത്.