ന്യൂയോർക്ക്: അമേരിക്കയിൽ അതിശൈത്യത്തെ തുടർന്നുള്ള മഞ്ഞ് വീഴ്ചയിൽ 19മരണം. അടുത്തെങ്ങും ഉണ്ടായിട്ടില്ലാത്തവിധം കനത്ത മഞ്ഞ് വീഴ്ചയാണ് അമേരിക്ക ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്. ശീതക്കാറ്റ് 20 കോടി ജനങ്ങളെ സാരമായി ബാധിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. രാജ്യത്തിന്റെ പലയിടങ്ങളിലായി വൈദ്യുതിബന്ധവും താറുമാറായതോടെ പതിനഞ്ച് ലക്ഷത്തോളം ആളുകൾ ഇരുട്ടിലായതായാണ് റിപ്പോർട്ടുകൾ. നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. അതിശൈത്യത്തെ തുടർന്ന് അമേരിക്കൻ ഭരണകൂടം ജനങ്ങൾക്ക് ജാഗ്രതനിർദേശം നൽകിയിട്ടുണ്ട്.
അമേരിക്കയിലെ പല നഗരങ്ങളിലെയും താപനില 40 ഡിഗ്രിയിലും താഴെയാണുള്ളത്. മൊണ്ടാനയിലെ എൽക് പാർക്കിൽ മൈനസ് 45 ഡിഗ്രി സെൽഷ്യസ് ആണ് രാത്രിയിലെ താപനില. പെൻസിൽവാനിയ, മിഷിഗൺ എന്നിവിടങ്ങളിൽ അതിശക്തമായ മഞ്ഞ് വീഴ്ചയ്ക്കു സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാവിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലാവസ്ഥയിലുണ്ടായ വ്യതിയാനങ്ങളുടെ ഫലമായി കിഴക്കൻ ഏഷ്യ, യൂറോപ്പ്, വടക്കേഅമേരിക്ക തുടങ്ങിയ രാജ്യങ്ങൾ അതിശൈത്യത്തിലൂടെയാണ് കടന്നുപൊയ്കൊണ്ടിരിക്കുന്നത്.
ക്രിസ്തുമസ് കാലം അവധിക്കാലം ആയതുകൊണ്ട് തന്നെ എല്ലായിപ്പോഴും അമേരിക്കയ്ക്ക് ഇത് ആഘോഷങ്ങളുടെയും ഒത്തുചേരലിന്റെയും കാലംകൂടിയാണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് അവധിക്കാല ഒത്തുചേരലുകൾ റദ്ദാക്കിയിട്ടുണ്ട്. അമേരിക്കയിലെ ചിക്കഗോയിലും ടെൻവറിലുമാണ് കാലാവസ്ഥ പ്രതിസന്ധി ഏറ്റവും രൂക്ഷമായിട്ടിട്ടുള്ളത്. കനത്ത മഞ്ഞുവീഴ്ച വ്യോമഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ മാത്രം രാജ്യത്താകമാനം 5300 ൽ അധികം വിമാനങ്ങളുടെ സർവീസ് നിർത്തിവച്ചതായി റിപ്പോർട്ട് ഉണ്ട്. അമേരിക്ക, കാനഡ അതിർത്തികളിൽ ജനജീവിതം പാടെ ദുസ്സഹമായിതീർന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. എട്ട് ദശലക്ഷത്തിലധികം ജനങ്ങളാണ് ഇപ്പോൾ മഞ്ഞുവീഴ്ച മുന്നറിയിപ്പിൽ കഴിയുന്നത്. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശീതകാലകൊടുങ്കാറ്റിന്റെ മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. ബോംബ് സൈക്ലോൺ എന്ന ശീതക്കാറ്റ് ദിവസങ്ങളോളം നീണ്ടുപോയേക്കാമെന്നും കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ് ഉണ്ട്.