മിസോറാമിൽ നിർമ്മാണത്തിലിരുന്ന റെയിൽവെ പാലം തകർന്ന് വീണ് 17 പേർ മരിച്ചു.
സായിരംഗ് ഏരിയയിലാണ് സംഭവം. മിസോറാം മുഖ്യമന്ത്രി സോറംതാങ്കയാണ് മരണ വിവരം പുറത്തുവിട്ടത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. രാവിലെ പത്തിനായിരുന്നു അപകടം. നിര്‍മ്മാണം അവസാന ഘട്ടത്തിലായിരുന്ന ഇരുമ്പ് പാലമാണ് നിലംപതിച്ചത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
മിസോറാം തലസ്ഥാനമായ ഐസ്വാളില് നിന്ന് 20 കിലോ മീറ്റര്‍ അകലെയാണ് അപകടം. അപകട സമയത്ത് 27 പേർ പാലത്തിന്റെ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരുന്നുവെന്നാണ് വിവരം. നിരവധിപേര്‍ തകര്‍ന്നുവീണ പാലത്തിനടിയില്‍ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. മരണസംഖ്യ ഉയരാനും സാധ്യത ഉണ്ട്.