അരുണാചല്‍ പ്രദേശിന് മേല്‍ അവകാശവാദം ഉന്നയിക്കാനുള്ള ചൈനയുടെ ശ്രമത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അപലപിച്ചു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്നും എന്നും അത് തുടരുമെന്നും പേരുകള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ യാഥാര്‍ത്ഥ്യത്തെ മാറ്റില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററില്‍ കുറിച്ചു. ഇത്തരം റിപ്പോര്‍ട്ടുകള്‍ കണ്ടിട്ടുണ്ട്. ഇതാദ്യമായല്ല ചൈന ഇത്തരമൊരു ശ്രമം നടത്തുന്നത്. ഇതിനെ പൂര്‍ണ്ണമായും തള്ളിക്കളയുന്നു’ എന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. .
അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള ചൈനയുടെ നീക്കം ഇന്ത്യ നേരത്തെ തള്ളിയിരുന്നു. ചൈനയുടെ സിവില്‍ അഫയേഴ്സ് മന്ത്രാലയം പുറപ്പെടുവിച്ച പേരുകളുടെ മൂന്നാമത്തെ ബാച്ചാണ് ഇതെന്ന് സര്‍ക്കാര്‍ നടത്തുന്ന ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2017 ല്‍ ആറ് സ്ഥലങ്ങളുടെ ആദ്യ ബാച്ചും 2021 ല്‍ 15 സ്ഥലങ്ങളുടെ രണ്ടാമത്തെ ബാച്ച് പേരുകളും പ്രഖ്യാപിച്ചിരുന്നു. ‘ടിബറ്റിന്റെ തെക്കന്‍ ഭാഗമായ സാങ്നാന്‍’ എന്നാണ് ഈ പ്രദേശത്തെ ചൈന വിശേഷിപ്പിച്ചത്. എന്നാല്‍ യാഥാര്‍ത്ഥ്യത്തെ ഒരു തരത്തിലും മാറ്റാനാകില്ല എന്നാണ് സംഭവത്തോട് ഇന്ത്യ പ്രതികരിച്ചിരിക്കുന്നത്.
ചൈനയുടെ കാബിനറ്റിന്റെ സ്റ്റേറ്റ് കൗണ്‍സില്‍ പുറപ്പെടുവിച്ച ഭൂമിശാസ്ത്രപരമായ പേരുകള്‍ സംബന്ധിച്ച നിയന്ത്രണങ്ങള്‍ പാലിച്ച് ചൈനീസ്, ടിബറ്റന്‍, പിന്‍യിന്‍ എന്നിവയിലുള്ള സ്റ്റാന്‍ഡേര്‍ഡ് പേരുകളാണ് ചൈനയുടെ സിവില്‍ കാര്യ മന്ത്രാലയം പുറത്തിറക്കിയത്. രണ്ട് ഭൂപ്രദേശങ്ങള്‍, രണ്ട് റെസിഡന്‍ഷ്യല്‍ ഏരിയകള്‍, അഞ്ച് പര്‍വതശിഖരങ്ങള്‍, രണ്ട് നദികള്‍ എന്നിവയ്ക്കൊപ്പം അവയുടെ കീഴിലുള്ള ഭരണപരമായ ജില്ലകളും പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.