ടെസ്ല ഇന്ത്യ മോട്ടോഴ്സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് മഹാരാഷ്ട്രയിലെ പൂനെയിലുള്ള പഞ്ച്ഷിൽ ബിസിനസ് പാർക്കിൽ ഓഫീസ് സ്ഥലം വാടകയ്ക്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇലോൺ മസ്കും യുഎസിൽ കൂടിക്കാഴ്ച നടത്തി മാസങ്ങൾക്ക് ശേഷമാണ് സ്ഥലം ഏറ്റെടുക്കുന്നത്. ഇവി ഭീമൻ ടെസ്ലയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനത്തിലെ സുപ്രധാന ചുവടുവെപ്പായാണ് ഇത് കണക്കാക്കപ്പെടുന്നത്. നേരത്തെ ടെസ്ലയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും ഇൻവെസ്റ്റ് ഇന്ത്യയുടെ പ്രതിനിധികളുമായി ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾക്കായി ഒരു നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നത് ചർച്ച ചെയ്യാൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിനായി ടെസ്ല ഇന്ത്യ മോട്ടോഴ്സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡും ടേബിൾസ്പേസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി അഞ്ച് വർഷത്തെ പാട്ടക്കരാർ ഒപ്പുവെച്ചിട്ടുണ്ട്. പ്രതിമാസ വാടക 11.65 ലക്ഷം രൂപയും അഞ്ച് വർഷത്തേക്ക് 34.95 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകുമെന്ന്, സിആർഇ മെട്രിക്സ് പറഞ്ഞു. അഞ്ച് കാർ പാർക്കുകളും 10 ബൈക്ക് പാർക്കുകളും കരാറിലുണ്ട്. സിആർഇ മെട്രിക്സ് റിപ്പോർട്ട് അനുസരിച്ച്, പ്രതിവർഷം 5 ശതമാനം വർദ്ധനവും വ്യവസ്ഥയിലുണ്ട്. 2023 ഒക്ടോബർ 1 മുതൽ വാടക നൽകി തുടങ്ങും.
ഡാറ്റാ അനലിറ്റിക്സ് കമ്പനിയായ സിആർഇ മെട്രിക്സ് പറയുന്നതനുസരിച്ച്, ടെസ്ല ഇന്ത്യ മോട്ടോഴ്സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ്, പഞ്ച്ഷിൽ ബിസിനസ് പാർക്ക് എന്ന പേരിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ബി വിംഗിന്റെ ഒന്നാം നിലയിൽ 5,850 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഓഫീസ് സ്ഥലം ഏറ്റെടുത്തു. ഏകദേശം 11 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള പഞ്ച്ഷിൽ ബിസിനസ് പാർക്ക് വിമാനത്താവളം ഉൾപ്പെടെ പൂനെയിലെ പ്രധാന മേഖലകളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. നേരത്തെ 2021ൽ ടെസ്ല ഇന്ത്യ മോട്ടോർ ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് ടെസ്ലയുടെ ഒരു ഇന്ത്യൻ ഉപസ്ഥാപനമായി ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്തിരുന്നു.
ഈ വർഷം ജൂലൈയിൽ ടെസ്ല പ്രതിവർഷം 500,000 ഇവികൾ വരെ ഉത്പാദിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച് സൂചന നൽകിയിരുന്നു. വില 20 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന കാറുകളാവും ഇവിടെ നിർമ്മിക്കുക. പദ്ധതി യാഥാർഥ്യമായാൽ ഇന്ത്യയുടെ വളർന്നുവരുന്ന ഇവി വിപണിയെ ഇത് കൈപിടിച്ചുയർത്തും. മെയ് മാസത്തിൽ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്ല, ആഭ്യന്തര വിൽപ്പനയ്ക്കും കയറ്റുമതിക്കുമായി ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്ന ഫാക്ടറി സ്ഥാപിക്കാമെന്ന നിർദ്ദേശം മുന്നോട്ട് വച്ചിരുന്നു.