ആരോപണ വിധേയനായ ബ്രിജ് ഭൂഷനെ അന്വേഷണവിധേയമായി മാറ്റിനിർത്താൻ തീരുമാനമായി. ഇത് സംബന്ധിച്ച് കേന്ദ്രകായിക മന്ത്രി അനുരാഗ് താക്കൂർ കായികതാരങ്ങൾക്ക് ഉറപ്പുനൽകി. ബ്രിജ് ഭൂഷനും പരിശീലകർക്കും എതിരായി കായികതാരങ്ങൾ ഉന്നയിച്ച പരാതിയിൽ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടെ ജന്തർമന്തറിൽ ഗുസ്തിതാരങ്ങൾ നടത്തിവന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചു. ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവരിൽ അഞ്ചുപേരുമായി കഴിഞ്ഞദിവസം മന്ത്രി ചർച്ച നടത്തിയിരുന്നു.
ഗുസ്തി താരങ്ങളുടെ പീഡനആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ
ഏഴംഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന ഐ ഒ എ യുടെ അടിയന്തര എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. കഴിഞ്ഞ ദിവസമാണ് ഗുസ്തിതാരങ്ങൾ തങ്ങളെ ബ്രിജ് ഭൂഷനും ഗുസ്തിപരിശീലകരും ഉൾപ്പെടെ വർഷങ്ങളോളം ലൈംഗികപീഡനത്തിന് വിധേയരാക്കി എന്ന ആരോപണവുമായി രംഗത്തെത്തിയത്.