മുംബൈ: നാളിതുവരെ ഏറ്റവും കൂടുതലാളുകള്‍ കണ്ട എഡിഷനായി ഐസിസി പുരുഷ ടി20 ലോകകപ്പ് 2026. ഇന്ത്യയില്‍ 50 കോടിയിലേറെ കാഴ്ചക്കാരെ നേടാന്‍ ഈ വര്‍ഷത്തെ ടി20 ലോകകപ്പിനായെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാന്‍ ജയ് ഷാ ബുധനാഴ്ച സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 2026 ഐസിസി ടി20 ലോകകപ്പിന്റെ ഔദ്യോഗിക ഡിജിറ്റല്‍, പ്രക്ഷേപണ പങ്കാളിയായ ജിയോ ഹോട്ട്സ്റ്റാറില്‍ കണ്ടത് 16.30 കോടി ആളുകളാണ്. കാണികളുടെ എണ്ണത്തിലെ സര്‍വകാല റെക്കോഡാണിത്. ഇതോടെയാണ് ജിയോ ഹോട്ട്സ്റ്റാറില്‍ കൂടുതല്‍ പേര്‍ തത്സമയം കണ്ട ടി20 ലോകകപ്പ് മത്സരമെന്ന റെക്കോഡ് ഈ ത്രസിപ്പിക്കുന്ന പോരാട്ടം സ്വന്തമാക്കിയത്.
ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയ മത്സരമാണ് ഇതുവരെ ജിയോ ഹോട്ട്സ്റ്റാറില്‍ ഏറ്റവും കൂടുതല്‍ പേര്‍ ലൈവായി കണ്ട പോരാട്ടം. ഫെബ്രുവരി 15-നായിരുന്നു ചിര വൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഗ്രൂപ്പ് ഘട്ട മത്സരം. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ കൂടി നടക്കാനിരിക്കെ കാഴ്ചക്കാരുടെ എണ്ണം ഇനിയും ഉയരും എന്നാണ് കണക്കുകൂട്ടുന്നത്.
‘ഐസിസി ടി20 ലോകകപ്പ് 2026 യാത്ര ആരംഭിച്ചത് എക്കാലത്തെയും വലിയ ആഗോള ക്രിക്കറ്റ് ഇവന്റ് ആകണമെന്ന ലക്ഷ്യത്തോടെയാണ്. അത് ഇന്ത്യയില്‍ 50 കോടിയിലേറെ പേര്‍ കണ്ടതില്‍ ഞാന്‍ വിനയാന്വിതനാണ്, ഇതുവരെയുള്ള ഏതൊരു ടി20 ലോകകപ്പ് ഇഡിഷനേക്കാളും ഉയര്‍ന്ന കണക്കാണിത്. JioHotstarല്‍ ഒരേസമയം 60.5 ദശലക്ഷം ആളുകള്‍ ഇവന്റ് കണ്ടത് ഏറെ സന്തോഷകരമാണ്. ടൂര്‍ണമെന്റിന്റെ നോക്കൗട്ട് മത്സരങ്ങള്‍ ഇന്ന് രാത്രി ആരംഭിക്കും. ഞങ്ങളുടെ ഇവന്റുകള്‍ക്ക് ഇന്ത്യന്‍ ആരാധകരില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹം കൂടുതല്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു’ – ജയ് ഷാ എക്‌സില്‍ കുറിച്ചു.
2024-ലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് ഫൈനലിനെ പോലും പിന്നിലാക്കിയാണ് ഇന്ത്യ-പാക് മത്സരം ചരിത്രമെഴുതിയത്. ഇതുവരെയുള്ള ഐസിസി ടി20 ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ ആസ്വാദകര്‍ തത്സമയം കണ്ട ഏറ്റുമുട്ടലും ഇതുതന്നെ. അതേസമയം മത്സരം നടക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ നിലനിന്ന അനിശ്ചിതത്വങ്ങളും വിവാദങ്ങളുമെല്ലാം ക്രിക്കറ്റ് ആസ്വാദകരെ സ്വാധീനിച്ചതും കാഴ്ചക്കാരുടെ എണ്ണം കൂടുന്നതില്‍ നിര്‍ണായകമായി. 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം കണ്ടതിനേക്കാള്‍ കൂടുതല്‍ ക്രിക്കറ്റ് ആരാധകര്‍ ഇക്കുറിയത്തെ അങ്കം കണ്ടെന്നതാണ് സവിശേഷത. കാഴ്ചക്കാരുടെ എണ്ണത്തില്‍ 56 ശതമാനത്തിന്റെ കുതിപ്പാണുണ്ടായത്.

