ഖത്തറിലേത് തന്റെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി വ്യകതമാക്കി. 2014 ല്‍ ബ്രസീല്‍ ആതിഥേയത്വം വഹിച്ച ലോകകപ്പ് ചാമ്പ്യന്‍ഷിപ്പില്‍ മെസിയുടെ അര്‍ജന്റീന ഫൈനലില്‍ ജര്‍മനിയോട് തോല്‍ക്കുകയായിരുന്നു. മാറക്കാന സ്‌റ്റേഡിയത്തില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ കിരീടം ഖത്തറില്‍ വീണ്ടെടുക്കാനുള്ള പടപ്പുറപ്പാടിലാണ് മെസ്സിയും സംഘവും. 2019 മുതല്‍ പരാജയമറിയാതെ തുടര്‍ച്ചയായി 35 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് അര്‍ജന്റീന. കഴിഞ്ഞ വര്‍ഷം ബ്രസീലിനെ തോല്‍പ്പിച്ച് കോപ്പ അമേരിക്ക കിരീടവും മെസ്സിയും സംഘവും സ്വന്തമാക്കിയിരുന്നു.
ലോകകപ്പ് നേടുന്നത് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മെസ്സി നല്‍കിയ മറുപടി അര്‍ജന്റീന ആരെയും തോല്‍പ്പിക്കും എന്നാണ്. ഞങ്ങള്‍ ലോകകപ്പ് ഫേവറിറ്റുകളാണോ അല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ ഞങ്ങള്‍ തയ്യാറാണ് ലോകകപ്പ് ഉയര്‍ത്താന്‍. കോപ അമേരിക്ക നല്ല അനുഭവമായിരുന്നു, വെല്ലുവിളികള്‍ ഓരോന്നായി ഏറ്റെടുക്കാന്‍ ടീം സജ്ജമാണ്. എല്ലാം ശരിയായ രീതിയിലാണ് മുന്നോട്ടൊഴുകുന്നത് എന്നും മെസ്സി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നിലവില്‍ ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിക്കായി പുറത്തെടുക്കുന്ന ഫോം മെസ്സി ആരാധകരില്‍ പ്രതീക്ഷ നിറയ്ക്കുന്നുന്നുണ്ട്. പി എസ് ജിയുടെ അറ്റാക്കിംഗ് പ്ലെയര്‍ അര്‍ജന്റീനക്കായി 164 രാജ്യാന്തര മത്സരങ്ങളാണ് കളിച്ചത്. നേടിയത് 90 ഗോളുകള്‍. അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണിക്കൊപ്പം കോപ അമേരിക്ക ജേതാവായ മെസ്സിയുടെ മറ്റൊരു രാജ്യാന്തര നേട്ടം ഒളിമ്പിക്‌സ് സ്വര്‍ണമാണ്.
സൗദി അറേബ്യയും മെക്‌സിക്കോയും പോളണ്ടും ഉള്‍പ്പെടുന്ന ഗ്രൂപ്പ് സിയിലാണ് അര്‍ജന്റീന. നവംബര്‍ 22ന് സൗദിക്കെതിരെയാണ് ആദ്യ മത്സരം.