ക്രിക്കറ്റ് ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റർ എന്ന നേട്ടം ശുഭ്മാൻ ഗിൽ സ്വന്തമാക്കി. ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ബുധനാഴ്‌ച ഹൈദരാബാദിൽ ഏറ്റുമുട്ടിയപ്പോൾ ആണ് ചരിത്രനേട്ടം പിറന്നത്. സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, രോഹിത് ശർമ, ഇഷാൻ കിഷൻ എന്നിവർക്ക് ശേഷം ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ശുഭ്മാൻ ഗിൽ. തന്റെ 19-ാം ഏകദിന ഇന്നിംഗ്‌സിൽ തന്നെ ശുഭ്‌മാൻ ഗിൽ പരിചയസമ്പന്നനെ പോലെയാണ് ബാറ്റ് വീശിയത്. ഇതിനിടെ വിരാട് കോഹ്‌ലിയും ശിഖർ ധവാനും വർഷങ്ങളോളമായി കൈയടക്കി വച്ചിരുന്ന വേഗമേറിയ 1000 ഏകദിന റൺസ് എന്ന ഇന്ത്യൻ റെക്കോർഡും അദ്ദേഹം തകർത്തു. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായും ഗിൽ മാറി.
കഴിഞ്ഞ ഞായറാഴ്‌ച ശുഭ്‌മാൻ ഗിൽ ശ്രീലങ്കയ്ക്ക് എതിരെ തന്റെ രണ്ടാമത്തെ ഏകദിന സെഞ്ച്വറി നേടിയിരുന്നു. നേരത്തെ കഴിഞ്ഞ ഡിസംബർ 10നാണ് ഇഷാൻ കിഷൻ, ഏകദിനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡബിൾ സെഞ്ചുറിയുടെ ഉടമയായത്. എന്നാൽ 23 വയസും 132 ദിവസവും പ്രായമുള്ള ഗിൽ, ബാറ്റിങ്ങിനെ പിന്തുണയ്ക്കാത്ത പിച്ചിൽ ഇരട്ട സെഞ്ച്വറി നേടിയതോടെ കിഷന്റെ റെക്കോർഡിന് 1 മാസവും 8 ദിവസവും ആയതോടെ തകർത്തു.