ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ ആദ്യ മലയാളി വനിതാ താരമായ മിന്നു മണിയ്ക്ക് ആദരമൊരുക്കി ജന്മനാട്. മാനന്തവാടി-മൈസുരു റോഡ് ജംഗ്ഷന് ‘മിന്നു മണി ജംഗ്ഷന്‍’ എന്ന് നഗരസഭ പുനര്‍നാമകരണം ചെയ്തു. കേരളത്തിന്‍റെ കായിക ചരിത്രത്തില്‍ സുപ്രധാനമായ നേട്ടം കൈവരിച്ച മിന്നുവിന് ജന്മനാടിന്റെ ആദരമായി മൈസൂരു റോഡ് ജംഗ്ഷന് മിന്നുമണിയുടെ പേരിടാന്‍ മാനന്തവാടി നഗരസഭായോഗം തീരുമാനിച്ചിരുന്നു
ഇക്കഴിഞ്ഞ ശനിയാഴ്ച മാനന്തവാടി പൗരാവലി നല്‍കിയ സ്വീകരണത്തിലും താരം പങ്കെടുത്തിരുന്നു. മിന്നുമണി, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ. രത്‌നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നാമകരണ പരിപാടി നടന്നത്. പേര് മാറ്റിയ ജംഗ്ഷനില്‍ മാനന്തവാടി നഗരസഭ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിന്‍റെ ചിത്രം ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹിയുടെ പ്രധാന താരം കൂടിയാണ് മിന്നു മണി.