ദുബായിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ഓസ്‌ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടം ഫൈനൽ ഉറപ്പിച്ചു. നിശ്ചിത ഓവർ പൂർത്തിയാകാൻ 11 ബോളുകൾ ശേഷിക്കെയാണ് ഇന്ത്യയുടെ വിജയം. ഓസ്‌ട്രേലിയ ഉയർത്തിയ 265 എന്ന വിജയ ലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ലോങ് ഓണിലൂടെ പന്ത് സിക്‌സറിലേക്ക് പറത്തി കെ.എൽ. രാഹുൽ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ചു.
ആവേശകരമായ സെമി പോരാട്ടത്തിൽ നാലു വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയെ മറികടന്നത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 49.3 ഓവറിൽ 264 റൺസിന് പുറത്തായപ്പോൾ, മറുപടി ബാറ്റിങ്ങിൽ 11 പന്തും നാലു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ, ദക്ഷിണാഫ്രിക്ക – ന്യൂസീലൻഡ് രണ്ടാം സെമിഫൈനൽ വിജയികളാകും ഇന്ത്യയുടെ എതിരാളികൾ.
ക്യാപ്റ്റൻ രോഹിത് ശർമ 29 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 28 റൺസെടുത്തു. 30 പന്തിൽ ഓരോ ഫോറും സിക്സും സഹിതം 27 റൺസെടുത്ത അക്ഷർ പട്ടേലിന്റെ പ്രകടനവും നിർണായകമായി. 98 പന്തിൽ അഞ്ച് ഫോറുകളോടെ 84 റൺസെടുത്ത കോലി തന്നെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ശ്രേയസ് അയ്യർ 62 പന്തിൽ മൂന്നു ഫോറുകൾ സഹിതം 45 റൺസെടുത്ത് പുറത്തായി. 43 റൺസിനിടെ ഓപ്പണർമാരെ ഇരുവരെയും നഷ്ടമാക്കി തകർച്ച മുന്നിൽക്കണ്ട ഇന്ത്യയെ, മൂന്നാം വിക്കറ്റിൽ കരുതലോടെ ബാറ്റു ചെയ്ത് 111 പന്തിൽ 91 റൺസ് കൂട്ടിച്ചേർത്താണ് ഇരുവരും രക്ഷപ്പെടുത്തിയത്.
34 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം പുറത്താകാതെ 42 റൺസ് നേടിയ കെ .എൽ. രാഹുൽ, 24 പന്തിൽ മൂന്നു സിക്സും ഒരു ഫോറും സഹിതം 28 നേടിയഹാർദിക് പാണ്ഡ്യ എന്നിവരുടെ അവസാന ഓവറുകളിലെ പ്രകടനവും നിർണായകമായി. 47–ാം ഓവറിൽ ഇരട്ട സിക്സറുമായി പാണ്ഡ്യ സമ്മർദ്ദമകറ്റി. രവീന്ദ്ര ജഡേജ ഒരു പന്തിൽ രണ്ടു റൺസുമായി രാഹുലിനൊപ്പം പുറത്താകാതെ നിന്നു. വിജയത്തിന് അരികെ പാണ്ഡ്യ പുറത്തായെങ്കിലും ജഡേജയെ സാക്ഷിനിർത്തി തകർപ്പൻ സിക്സറിലൂടെ രാഹുൽ തന്നെ വിജയറൺ കുറിച്ചു.
ലോകകപ്പും ചാംപ്യൻസ് ട്രോഫിയും ഉൾപ്പെടെയുള്ള ഐസിസി ഏകദിന ടൂർണമെന്റുകളുടെ നോക്കൗട്ടിൽ, ഓസീസിനെതിരെ ഏതൊരു ടീമും പിന്തുടർന്നു ജയിക്കുന്ന ഉയർന്ന സ്കോറെന്ന സ്വന്തം റെക്കോർഡ് ഇതോടെ ഇന്ത്യ ഒന്നുകൂടി പുതുക്കി. 2011ലെ ഏകദിന ലോകകപ്പ് ക്വാർട്ടറിൽ ഇന്ത്യ 261 റൺസ് പിന്തുടർന്നു ജയിച്ചതാണ് ഓസീസിനെതിരെ നോക്കൗട്ടുകളിലെ ഉയർന്ന റൺചേസ്. ഇത്തവണ അത് 265 റൺസാക്കി ഉയർത്തിയാണ് ഇന്ത്യ ചാംപ്യൻസ് ട്രോഫി ഫൈനലിലേക്ക് കടക്കുന്നത്.