ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ ടീമിനെയും രോഹിത് ശർമയെയും അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. നേരത്തെ ഷമ രോഹിത് ശർമ തടിയനാണെന്നും മോശം ക്യാപ്റ്റനാണെന്നും പറഞ്ഞത് വിവാദങ്ങൾക്ക് കാരണമായിരുന്നു. എന്നാലിപ്പോൾ ചാമ്പ്യൻസ് ട്രോഫി കിരീടനേട്ടത്തിലേക്ക് ഇന്ത്യൻ ടീമിനെ മുന്നിൽ നിന്ന് നയിച്ച രോഹിത്തിന് അഭിനന്ദനങ്ങൾ അറിയിച്ചാണ് ഷമ പോസ്റ്റ് ചെയ്തത്.
‘ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിക്കുന്നു. 76 റൺസെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ രോഹിത് ശർമയെയും അഭിനന്ദിക്കുന്നു. ശ്രേയസ് അയ്യരും കെ.എൽ രാഹുലും ഇന്ത്യയുടെ വിജയത്തിൽ നിർണായക പ്രകടനം കാഴ്ചവെച്ചു‘, എന്നായിരുന്നു ഷമ എക്സിൽ കുറിച്ചത്.
ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയര്‍ത്തിയത്. 2013 ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 49 ഓവറില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.