ദീപപ്രഭയിൽ മഹോത്സവം തീർത്ത് അയോദ്ധ്യ ക്ഷേത്രനഗരി. ജന്മഗൃഹത്തിലേക്ക് രാംലല്ല തിരിച്ചെത്തിയതിന് ശേഷം നടന്ന ആദ്യ ദീപാവലി ആഘോഷത്തിൽ 25 ലക്ഷത്തിലധികം ചിരാതുകൾ സരയൂ നദിക്കരയിൽ തെളിയിച്ചു. അയോദ്ധ്യ വർണ വെളിച്ചത്തിൽ നിറഞ്ഞാടി. 1,121 വേദാചാര്യന്മാർരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മഹാസരയു ആരതിയും ദീപാവലി ആഘോഷത്തെ ഭക്തിസാന്ദ്രമാക്കി.
ഇതോടെ രണ്ട് റെക്കോർഡുകളാണ് അയോദ്ധ്യ സ്വന്തമാക്കിയത്. ഏറ്റവുമധികം ദീപങ്ങൾ (25 ലക്ഷം) തെളിയിച്ചതാണ് ആദ്യ റെക്കോർഡ്. മറ്റൊന്ന്, ഏറ്റവുമധികം വേദാചാര്യന്മാർ (1,121) ഒരേസമയം സരയൂ ആരതി നടത്തിയെന്നതാണ് രണ്ടാമത്തേത്. രാം ലല്ലയുടെ പ്രാണപ്രതിഷ്ഠക്ക് ശേഷം നടന്ന ആദ്യ ദീപാവലി ആഘോഷം ഇതോടെ ചരിത്രത്തിന്റെ ഭാഗമായി. ഇത്തവണ 55 ഘട്ടുകളിലായി 25 ലക്ഷത്തിലധികം ദീപങ്ങൾ തെളിയിച്ച് സ്വന്തം റെക്കോർഡ് തന്നെയായിരുന്നു അയോദ്ധ്യ തിരുത്തി കുറിച്ചത്. 30,000 വൊളന്റിയർമാരുടെ സേവനം ഇതിന് പിറകിലുണ്ടായിരുന്നു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും ചേർന്ന് ചെരാതുകൾ തെളിച്ച് ഉദ്ഘാടനം ചെയ്തു.
എട്ടാം തവണയാണ് അയോദ്ധ്യയിൽ ദീപാവലിക്ക് ദീപോത്സവം സംഘടിപ്പിക്കുന്നത്. അഭിമാന മുഹൂർത്തമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ക്ഷേത്രം തുറന്നുകൊടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ചു. രാമായണം വിഷയമാക്കിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോയും, ലേസർ ഷോയും സംഘടിപ്പിച്ചു. നേപ്പാൾ, മ്യാൻമർ, തായ്ലൻഡ്, മലേഷ്യ, കംബോഡിയ, ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ നിന്നെത്തിയ കലാകാരന്മാരും കലാപ്രകടനങ്ങൾ കാഴ്ചവച്ചു. പതിനാറ് സംസ്ഥാനങ്ങളിലെയും പത്തോളം വിദേശ രാജ്യങ്ങളിലെയും കലാകാരന്മാർ അണിനിരന്ന ശോഭായാത്രയോടെയായിരുന്നു ദീപോത്സവത്തിന് തുടക്കമായത്. ശ്രീരാമന്റെ ജീവിതം വിവരിക്കുന്ന പ്രത്യേക ലൈറ്റ് ഷോയും കലാപരിപാടികളും അരങ്ങേറിയിരുന്നു.
യുപിയിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം 2017 മുതലാണ് അയോദ്ധ്യയിൽ വിപുലമായ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമായത്. 2022ൽ 15 ലക്ഷവും 2023ൽ 20 ലക്ഷം ദീപങ്ങളും തെളിയിച്ച് സരയുനദിക്കര ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയിരുന്നു. ആഘോഷങ്ങളിൽ സാന്നിധ്യമറിയിച്ച കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യമന്ത്രി യോഗി ആദിത്യനാഥും സരയു പൂജയിലും സാംസ്‌കാരിക പരിപാടികളിലും പങ്കെടുത്തു. ഭാരതത്തിന്റെ സനാതന ധർമ്മത്തിന്റെ കേന്ദ്രമായി അയോദ്ധ്യ തിളങ്ങുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ക്ഷേത്രത്തിന്റെ നിർമ്മാണത്തോടൊപ്പം അയോദ്ധ്യ നഗരവും ലോകോത്തര നിലവാരത്തിലേക്ക് മാറുകയാണെന്നും വിശ്വനാഥന്റെ മണ്ണായ കാശി അടക്കമുള്ള എല്ലാ തീർത്ഥാടന കേന്ദ്രങ്ങളും മാറ്റത്തിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യയിൽ ശ്രീരാമചന്ദ്രന് ക്ഷേത്രം നിർമ്മിച്ചതോടെ ഭാരതത്തിന്റെ ഭാഗ്യസൂര്യൻ വീണ്ടും ഉദിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പ്രതികരിച്ചു. യോഗ, ആയുർവേദം, സംസ്‌കാരം വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ ഭാരതത്തിന്റെ കഴിവുകൾ ഇന്ന് ലോകം മുഴുവൻ മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.