പത്തനംതിട്ട: കല്ലുപ്പാറയിൽ ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ക്ഡ്രില്ലിൽ പങ്കെടുക്കുന്നതിനിടെ പുഴയിൽ മുങ്ങിപ്പോയ യുവാവ് മരിച്ചു. പാലത്തിങ്കൽ സ്വദേശിയായ കാക്കരകുന്നേൽ ബിനു സോമൻ (34 ) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിനു രാത്രി എട്ടുമണിയോടെയാണ് മരിച്ചത്.
ഇന്ന് രാവിലെ 9 മണിയോടെ കല്ലുപാറയിൽ ദുരന്തനിവാരണഅതോറിറ്റിയുടെ മോക്ഡ്രില്ലിൽ പങ്കെടുക്കുന്നതിനിടെയാണ് ബിനുവിന് അപകടം ഉണ്ടായത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും, ദേശീയദുരന്തനിവാരണസേനയും, അഗ്നിശമനസേനയും ഉൾപ്പെടുന്ന വിദഗ്ധസംഘം മോഡ്രില്ലിന് എത്തി. നാട്ടുകാരും പഞ്ചായത്ത് അധികൃതരും തുരുത്തിക്കാട് ബി എ എം കോളേജിലെ എൻസിസി കേഡറ്റുകൾ അടക്കമുള്ള വിദ്യാർത്ഥികളെയും നാട്ടുകാരെയും ഉൾപ്പെടുത്തിയാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. വെള്ളത്തിൽ വീഴുന്നവരെ രക്ഷപ്പെടുത്താനുള്ള മോക്ഡ്രില്ലാണ് നടന്നത്. ഇതിനായി നാട്ടുകാരിൽ നിന്നും നീന്തൽ അറിയാവുന്ന നാലു പേരെ മോക്ഡ്രില്ലിൽ പങ്കെടുക്കാൻ വേണ്ടി തിരഞ്ഞെടുത്തു. ഇതിൽ ഒരാളാണ് മുങ്ങി മരിച്ച ബിനു. ഡെങ്കി ബോട്ടുകളിൽ മണിമലയാറ്റിൽ ഇറങ്ങിയ എൻഡി ആർ എഫ് അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ട നാല് പേരോട് പുഴയിൽ ഇറങ്ങി നിൽക്കാൻ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് വെള്ളത്തിൽ ഇറങ്ങിയ നാലുപേരിൽ ബിനു ഒഴുക്കിൽപ്പെട്ട് മുങ്ങിതാഴുകയായിരുന്നു. തുടർന്ന് അവശനിലയിൽ കരയിലെത്തിച്ച ബിനുവിനെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവെയാണ് ഇന്ന് രാത്രി 8:00 മണിയോടെ ബിനു മരിക്കുന്നത്.
ബിനുവിന്റെ മരണവാർത്ത അറിഞ്ഞ നാട്ടുകാർ, അപകടത്തിൽപ്പെട്ട ബിനുവിനെ അരമണിക്കൂറിന് ശേഷമാണ് വെള്ളത്തിൽ നിന്നും പുറത്തെടുത്തത് എന്നും അപ്പോൾ തന്നെ ബിനു മരിച്ചിരുന്നുവെന്നും ചികിത്സ വെറും തട്ടിപ്പായിരുന്നുവെന്നും ആരോപിച്ചു. എൻ. ഡി.ആർഎഫി ന്റെ രക്ഷാപ്രവർത്തനം ഒട്ടും തൃപ്തികരമായിരുന്നില്ല എന്ന് ബിനുവിന്റെ ഒപ്പം ഇറങ്ങിയവരും പറഞ്ഞു. ബിനുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസിൽ ഓക്സിജൻ സൗകര്യം പോലും ഇല്ലായിരുന്നു എന്നും നാട്ടുകാർ കുറ്റപ്പെടുത്തി. അപകടം നടന്നതോടെ മോക്ഡ്രില്ലിന് എത്തിയ സംഘം തിരികെ മടങ്ങിപ്പോയതായും പിന്നീട് പോലീസ് ആണ് തുടർനടപടികൾ സ്വീകരിച്ചതെന്നും നാട്ടുകാർ പറഞ്ഞു.