ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധേയയായ എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു. തിരുവനന്തപുരത്തെ നന്താവനത്തെ വീട്ടിലായിരുന്നു അന്ത്യം. 88 വയസായിരുന്നു. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് പാറ്റൂർ മർത്തോമ പള്ളി സെമിത്തേരിയിലാണ് സംസ്കാരം.
ഇരുപതോളം നോവലുകൾ രചിച്ചിട്ടുണ്ട്. ‘ജീവിതം എന്ന നദി’ എന്ന ആദ്യനോവൽ സാറാ തോമസിന്റെ 34-ആം വയസ്സിൽ പുറത്തിറങ്ങി. 1971 ൽ സാറാ തോമസ് എഴുതിയ “മുറിപ്പാടുകൾ” എന്ന നോവൽ പി.എ. ബക്കർ മണിമുഴക്കം എന്ന പേരിൽ സിനിമയാക്കി. ഇതിന് ഇതിന് ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചു. ‘നാർമടിപ്പുടവ’ എന്ന നോവലിൽ 1979 ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നാർമടിപ്പുടവ എന്ന നോവലിൽ തമിഴ് ബ്രാഹ്മണരുടെ ജീവിതമാണ് പറയുന്നത്. അച്ഛന്റെ ഇഷ്ടത്തിന് വഴങ്ങി വിവാഹിതയാകേണ്ടിവന്ന ബ്രാഹ്മണ യുവതിയുടെ ജീവിതകഥയാണ് ഇത്. ഇതിനു പുറമേ അസ്തമയം,പവിഴമുത്ത്,അർച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങൾക്ക് പ്രമേയങ്ങളായിട്ടുണ്ട്.