സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. കാട്ടാന ആക്രമണത്തിൽ മലപ്പുറം നിലമ്പൂരിൽ ആദിവാസി യുവാവിനാണ് ജീവൻ നഷ്ടമായത്. മലപ്പുറം കരുളായി നെടുങ്കയം പൂച്ചപ്പാറനഗർ മണി(39)യാണ് കൊല്ലപ്പെട്ടത്. വനപ്രദേശമായ മാഞ്ചീരി വട്ടികല്ല് വെച്ചാണ് ആക്രമണം ഉണ്ടായത്. ഒപ്പം ഉണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെട്ടു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. കരുളായി വനമേഖലയിൽ വെച്ചാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഉള്‍വനത്തിലൂടെ സഞ്ചരിച്ചാൽ മാത്രമാണ് കോളനിയിൽ എത്താനാകുക. ആക്രമണം ഉണ്ടായത് അറിഞ്ഞ് വനംവകുപ്പ് ജീവനക്കാര്‍ ഉള്‍വനത്തിലെത്തിയാണ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കാർ വിഭാഗത്തിൽ പെട്ടയാളാണ് മണി.