സിപിഎം പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിലെല്ലാം പാർട്ടിയെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ഫേസ്ബുക്കിലെ പാർട്ടി അനുകൂല പേജാണ് ‘പോരാളി ഷാജി’. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ഉത്തരവാദികൾ പോരാളി ഷാജി ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകളാണെന്ന് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വിമർശനം ഉന്നയിച്ചത് വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
സൈബർ ലോകത്തു വിമർശനമുയർത്തുന്ന ‘പോരാളി ഷാജി’ ഇടതുപക്ഷക്കാരനാണെങ്കിൽ മറനീക്കി പുറത്തുവരണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. പോരാളി ഷാജി എന്ന പേരിൽ പല സമൂഹമാധ്യമ ഗ്രൂപ്പുകളുണ്ട്. അതിൽ ഏതാണ് ഇടത് അനുഭാവമുള്ളത്, ഏതാണ് യുഡിഎഫ് പണംകൊടുത്ത് നിലനിർത്തുന്നത് എന്നറിയില്ലെന്നും ജയരാജൻ പറഞ്ഞു. ഈ ഷാജി കണ്ണൂരുകാരനാണോ തൃശൂരുകാരനാണോ എന്നറിയില്ല. ആരായാലും ഒളിച്ചിരിക്കാതെ പുറത്തുവരണം. ഞാനാണ് യഥാർഥ പോരാളി ഷാജി എന്നു പറയാൻ ധൈര്യം കാണിക്കണം എന്നും ജയരാജൻ പറഞ്ഞു.
പോരാളി ഷാജിയുടെ അഡ്മിൻ ഐഡന്റിന്റി വെളിപ്പെടുത്തണമെന്നും എം വി ജയരാജൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടതെന്നും ഇത്രയും വലിയ തോല്‍വിയിലേക്ക് ഇടതുപക്ഷം പോകാനുള്ള കാരണം പോരാളി ഷാജിയോ, ഗ്രൂപ്പോ അല്ലെന്നും അധികാരത്തിന്റെ സുഖസൗകര്യങ്ങളില്‍ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണെന്നും പോരാളി ഷാജി തിരിച്ചടിച്ചിരുന്നു.
തര്‍ക്കത്തിനിടെ പോരാളി ഷാജിയുടെ പ്രൊഫൈൽ ചിത്രവും ചർച്ചയായി. എൻഡിഎയുടെ ഭാഗമായ ജനസേന പാർട്ടിയുടെ അധ്യക്ഷനും തെലുങ്ക് സിനിമയിലെ സൂപ്പർ താരവും ആന്ധ്രപ്രദേശില്‍ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിയുമായ പവൻ കല്യണിന്റെ പഴയകാല ചിത്രമാണ് പോരാളി ഷാജി പേജിന്റെ പ്രൊഫൈൽ ചിത്രം. ബിജെപിയുമായും നരേന്ദ്ര മോദിയുമായും അടുത്ത ബന്ധമുള്ള പവൻ കല്യാണിന്റെ ചിത്രം പ്രൊഫൈൽ ചിത്രമാക്കിയത് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം വിമർശനവുമായി രംഗത്തെത്തിയത്. എന്നാൽ പവൻ കല്യാണിന്റെ പാർട്ടിയുടെ പഴയ ഇടതുബന്ധം ചൂണ്ടിക്കാട്ടി ഇതിനെ പ്രതിരോധിക്കുന്നവരുമുണ്ട്.