വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഒൻപതാം ദിവസവും തുടരുകയാണ്. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഇതുവരെ 414 പേര്‍ മരിച്ചെന്നാണ് റിപോർട്ടുകൾ. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടത്തും. സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധന ഇന്നും ഉണ്ടാകും. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലു കിലോമീറ്റർ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് ആറു കിലോമീറ്റർ ദൂരം പരിശോധന നടത്താനാണ് ആലോചന.
ത്രിതല പഞ്ചായത്ത് അധ്യക്ഷൻന്മാരുടെയും സെക്രട്ടറിന്മാരുടെയും അടിയന്തര യോഗം ഇന്ന് കളക്ട്രേറ്റിൽ ചേരും. അവയ്ക്ക് പുറമെ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് രാവിലെ ഒമ്പതരക്ക് ഓണ്‍ലൈനായി ചേരും. വയനാട്ടില്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസമാണ് യോഗത്തിലെ പ്രധാന അജണ്ട. ദുരന്തത്തിന് ഇരയായവർക്കുള്ള സ്ഥിരമായ പുനരവധിവാസ പദ്ധതി പരിഗണനയിലാണ്.
ഇതുവരെ തിരിച്ചറിയാത്ത 218 മൃതദേഹങ്ങൾ സംസ്കരിച്ചു. പുത്തുമലയിലെ ശ്മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച്, സ്ഥിരം ശ്മശാനഭൂമിയാക്കും. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം ക്യാമ്പുകളിൽ കഴിയുന്നവർക്ക് നഷ്ടപ്പെട്ട റേഷൻ കാർഡുകൾ ഇന്ന് മുതൽ വിതരണം ചെയ്യും. ക്യാമ്പുകളിൽ കഴിയുന്നവരുടെ രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയുടെ ഭാഗമായി ശേഖരിക്കും.
അതിനിടെ, പുത്തുമലയിൽ കൂടുതൽ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 20 സെൻ്റ് ഭൂമിയാണ് അധികമായി ഏറ്റെടുത്തത്. നിലവിൽ മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുള്ള ഭൂമിയോട് ചേർന്നാണ് അധിക ഭൂമിയുമുള്ളത്. ഇവിടെ തിരിച്ചറിഞ്ഞിട്ടില്ലാത്തവരുടെ സംസ്കാരം ഇന്നും തുടരും.
64 സെന്റ് സ്ഥലമാണ് ശ്മശാനത്തിനായി പുത്തുമലയില്‍ സര്‍ക്കാര്‍ ആദ്യം ഏറ്റെടുത്തത്. 25 സെന്റ് അധികഭൂമി കൂടി അധികമായി ഏറ്റെടുത്തു. ഇതുവരെ ലഭിച്ചവയില്‍ തിരിച്ചറിയാത്ത മറ്റ് ശരീര ഭാഗങ്ങളും ഇതേ സ്ഥലത്തുതന്നെ സംസ്‌കരിക്കും.