വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ. ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ദേശീയ ദുരന്തത്തിൻ്റെ മാനദണ്ഡത്തിനുള്ളിൽ വരുന്നതല്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.
കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് സംസ്ഥാനത്തിനുവേണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ചൂരൽമല മണ്ണിടിച്ചിൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നായിരുന്നു കത്തിൽ മുന്നോട്ടുവെച്ച ആവശ്യം. ഈ കത്തിനുള്ള മറുപടിയിലാണ് കേന്ദ്രത്തിൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
പ്രളയവും ഉരുൾപൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ നിലവിലെ മാനദണ്ഡങ്ങൾ അനുവദിക്കുന്നില്ല. അതിനാൽതന്നെ ദേശീയ ദുരന്തത്തിൻ്റെ കീഴിൽ വയനാട് ഉരുൾപൊട്ടലിനെ ഉൾക്കൊള്ളിക്കാൻ സാധിക്കില്ല. ഈ സാമ്പത്തിക വർഷം കേരളത്തിൻ്റെ ദുരന്ത നിവാരണ ഫണ്ടിലേയ്ക്ക് 300 കോടിയിലധികം തുക കേന്ദ്രം നൽകിയിട്ടുണ്ട്. അതിനാൽ ഇത്തരം ദുരന്തങ്ങളെ നേരിടാൻ ആവശ്യമായ തുക ഇതിൽ നിന്നും ചിലവഴിക്കാമെന്നുമാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.
ദുരന്തം ഉണ്ടായതിന് പിന്നാലെ ഓഗസ്റ്റിൽ കേന്ദ്ര തലത്തിലെ അംഗങ്ങൾ ദുരന്തബാധിത മേഖലയിൽ സന്ദർശനം നടത്തിയിരുന്നു. ഇവർ സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ സഹായം സംസ്ഥാനത്തിന് നൽകിയിട്ടുണ്ടെന്നും കത്തിന് മറുപടിയായി കേന്ദ്ര മന്ത്രി വ്യക്തമാക്കുന്നു.