തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാന നഗരി തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവർ ചേർന്ന് സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോ നടന്നു. കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. മോദിയെ കാണാൻ നിരവധി പേർ റോഡിന്റെ ഇരുവശത്തുമായി തടിച്ചുകൂടിയിരുന്നു.
സാധാരണയായി വിവിഐപികൾ എത്തുമ്പോൾ പ്രോട്ടോക്കോൾ പ്രകാരം മേയർ സ്വീകരണത്തിന് എത്താറുള്ളതാണ്. എന്നാൽ ഇക്കുറി പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ പട്ടികയിൽ മേയർ വി.വി. രാജേഷ് ഉൾപ്പെട്ടില്ല. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഉന്നത സൈനിക-പോലീസ് ഉദ്യോഗസ്ഥർ, എൻഡിഎ-ബിജെപി നേതാക്കൾ എന്നിവരടങ്ങുന്ന 22 അംഗ പട്ടികയാണ് പുറത്തു വന്നത്.
എന്നാൽ, സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് വിമാനത്താവളത്തിലെ സ്വീകരണത്തിൽ നിന്ന് തന്നെ ഒഴിവാക്കിയതെന്ന് വി.വി. രാജേഷ് അറിയിച്ചു. പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പ്രധാന പരിപാടികളിലും താൻ വേദിയിൽ ഉള്ളതിനാലാണ് വിമാനത്താവളത്തിലെ സ്വീകരണ ചടങ്ങ് ഒഴിവാക്കിയതെന്ന് മേയറുടെ ഓഫീസും വ്യക്തമാക്കി.

