കോഴിക്കോട്: ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്ന് വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പിടിയിലായ യുവതി അറസ്റ്റിൽ. വടകര സ്വദേശിനിയായ ഷിംജിത മുസ്തഫയെയാണ് ബുധനാഴ്ച പോലീസ് പിടികൂടിയത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക് (41) ജീവനൊടുക്കിയതിലാണ് ഷിംജിതയ്ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്. മുസ്ലിംലീഗ് പ്രവർത്തകകൂടിയാണ് ഷിംജിത മുസ്തഫ.
ഒളിവിൽ കഴിയുന്നതിനിടെ വടകരയ്ക്ക് സമീപത്തെ ബന്ധുവീട്ടിൽനിന്നാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. അന്വേഷണസംഘത്തിലുണ്ടായിരുന്ന വനിതാ പോലീസുകാരടക്കം മഫ്തിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് സ്വകാര്യവാഹനത്തിൽ പ്രതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയും പൂർത്തിയാക്കി. ഇതിനുശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് മഞ്ചേരി ജയിലിലേക്ക് മാറ്റി.
അതേസമയം, കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് സ്വകാര്യവാഹനത്തിൽ കൊണ്ടുപോയത് സംശയാസ്പദമാണെന്ന് ദീപക്കിന്റെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. പോലീസിന്റെ രഹസ്യനീക്കങ്ങളിൽ സംശയമുണ്ടെന്നും ഇവർ പ്രതികരിച്ചു. കഴിഞ്ഞദിവസം പോലീസ് കേസെടുത്തതോടെ ഷിംജിത ഒളിവിൽപോയിരുന്നു. ഇവർ സംസ്ഥാനം വിട്ടതായും സൂചനകളുണ്ടായിരുന്നു. ഇതിനിടെ പ്രതി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. ഇതിനുപിന്നാലെയാണ് ബുധനാഴ്ച ഉച്ചയോടെ ഷിംജിതയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

