വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ അന്വേഷണം പൂർത്തിയായി. കേസിലെ പ്രതി അഹാന്റെ കുടുംബത്തിന് 48ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്ന് പോലീസ്. കൂട്ടക്കൊലയ്ക്ക് കാരണം കടബാധ്യതയാണെന്നും പോലീസ് വ്യക്തമാക്കി. ഇതോടെ അടുത്തമാസം ആദ്യം കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ് പോലീസ്.
പതിനഞ്ച് പേരിൽ നിന്നായാണ് കുടുംബം പണം വാങ്ങിയതെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരുന്നു. ബന്ധുക്കളിൽ നിന്ന് 16 ലക്ഷം രൂപയും 17 ലക്ഷം രൂപയുടെ ഭവനവായ്പയും മൂന്ന് ലക്ഷം രൂപയുടെ പേഴ്‌സണൽ ലോണും ഒന്നരലക്ഷത്തിന്റെ ബൈക്ക് ലോണും പത്ത് ലക്ഷത്തിന്റെ പണയവുമായിരുന്നു കുടുംബത്തിന്റെ കടം.
നേരത്തെ കടബാധ്യതയാണ് കൊലയ്ക്ക് കാരണമെന്ന് അഹാന്റെ വാദം പിതാവ് റഹീം നിഷേധിച്ചിരുന്നു. എന്നാൽ, കടബാധ്യതയും കടംവാങ്ങിയവർ തിരികെ പണം ചോദിച്ചതിലുമുള്ള സമ്മർദ്ദവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അഫാൻ ഏകപ്രതിയായ കേസിൽ അമ്മ ഷെമീനയെ മുഖ്യസാക്ഷിയാക്കും.
സംഭവദിവസം 50,000രൂപ തിരികെ നൽകണമായിരുന്നു. പണം ചോദിച്ച് തട്ടത്തുമലയിലെ ബന്ധുവീട്ടിൽ പോയപ്പോൾ അധിക്ഷേപം നേരിട്ടു. ഇത് മകന് സഹിച്ചില്ലെന്നാണ് ഷെമീന മൊഴി നൽകിയത്. തിരികെ വീട്ടിലെത്തിയപ്പോൾ അഫാൻ ആദ്യം കഴുത്ത് ഞെരിച്ച് ചുമരിൽ തലയടിച്ചു. ഇതോടെ ബോധം നഷ്ടമായി. പിന്നെ ബോധം വന്നപ്പോൾ അഫാൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. മക്കളുമൊത്ത് ആത്മഹത്യചെയ്യാൻ തീരുമാനിച്ചിരുന്നതായും ഇതിനായി യുട്യൂബിൽ ഇളയമകനെ കൊണ്ട് പലതും ഗൂഗിളിൽ സെർച്ച് ചെയ്യിപ്പിച്ചിരുന്നുവെന്നും ഷെമീനയുടെ മൊഴിയിലുണ്ട്.