കുവൈത്തിലെ തീപിടുത്തത്തിൽ മലയാളികൾ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ യാത്ര നിഷേധിച്ച് കേന്ദ്ര സർക്കാർ. പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടാത്തതിനാലാണ് യാത്ര ഉപേക്ഷിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് കൊച്ചി വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. അനുമതി കിട്ടാത്തതിനാൽ അവസാന നിമിഷം മന്ത്രി കൊച്ചി വിമാനത്താവളത്തിൽ തുടരുകയായിരുന്നു. എന്നാൽ അനുമതി നിഷേധിച്ചതോടെ മന്ത്രി തിരികെ മടങ്ങി.
യാത്രക്ക് പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടിയില്ലെന്നും കേന്ദ്ര നിലപാട് നിർഭാഗ്യകരമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിദേശകാര്യ മന്ത്രാലയം യാത്ര അനുമതി നൽകിയില്ല. രാവിലെ തന്നെ അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചിരുന്നു. അവസാന നിമിഷം വരെ കാത്തിരുന്നിട്ടും അനുവാദം കിട്ടിയില്ല. ദുരന്തത്തിന്‍റെയും കണ്ണീരിന്‍റെയും മുന്നിൽ കേന്ദ്രം സ്വീകരിച്ചത് തെറ്റായ നടപടിയാണ്. എന്തൊക്കെ വന്നാലും ദുരന്തബാധിത കുടുംബങ്ങളെ സംസ്ഥാന സർക്കാർ ചേർത്തുപിടിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
കുവൈത്ത് മംഗഫിൽ 196 കുടിയേറ്റ തൊഴിലാളികൾ താമസിച്ചിരുന്ന ഏഴ് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 50 വിദേശ തൊഴിലാളികൾ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 48 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ 45 ഇന്ത്യക്കാരും മൂന്ന് ഫിലിപ്പിനോ പൗരന്മാരും ആണ്.