കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയ്ക്ക് വെന്‍റിലേറ്റർ സഹായം തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെങ്കിലും നേരത്തെയുണ്ടായിരുന്നതിൽ നിന്ന് കാര്യമായ മാറ്റമുണ്ടെന്നും റിനേ മെഡിസിറ്റി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു. ഇന്ന് രാവിലെ നടത്തിയ സിടി സ്കാൻ പരിശോധനയിൽ തലയുടെ പരിക്കിന്‍റെ അവസ്ഥ കൂടുതൽ ഗുരുതരമായിട്ടില്ലെന്ന് റിനെ മെഡിസിറ്റിപുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെന്നും ശ്വാസകോശത്തിലെ ചതവുകള്‍ അല്‍പം കൂടിയിട്ടുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ശ്വാസകോശത്തിലെ ചതവ് ഗൗരവമുള്ളതാണെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള രക്തം ശ്വാസകോശത്തില്‍ കെട്ടിയ അവസ്ഥയാണുള്ളത്. ശ്വാസകോശത്തിലെ അണുബാധ മാറാനുള്ള ആന്റിബയോട്ടിക് നല്‍കുന്നുണ്ട്. വയറിന്‍റെ സ്കാനിലും കൂടുതൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. രോഗിയുടെ വൈറ്റൽസ് സ്റ്റേബിള്‍ ആണെങ്കിലും ശ്വാസകോശത്തിന് ഏറ്റ ഗുരുതരമായ ചതവുകാരണം കുറച്ചു ദിവസം കൂടി വെന്‍റിലേറ്ററിൽ തുടരേണ്ട സാഹചര്യമുണ്ട്. നേരത്തെ തന്നെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഹൃദയത്തിന് നേരത്തെ തന്നെ സ്റ്റെന്‍റ് ഇട്ടിട്ടുണ്ട്. അതിന്‍റെ മരുന്ന് കഴിക്കുന്നത് കൊണ്ടാണ് കൂടുതൽ രക്തസ്രാവം ഇന്നലെ ഉണ്ടായത്. ശ്വാസകോശത്തിന്‍റെ ആരോഗ്യ അവസ്ഥയാണ് പ്രധാനപ്പെട്ടത്. ആന്‍റിബയോട്ടിക് ചികിത്സകള്‍ തുടങ്ങിയിട്ടുണ്ട്. മറ്റ് അവയവങ്ങള്‍ക്ക് ഏറ്റ പരിക്ക് ഭേദമാകുന്ന മുറയ്ക്ക് തലചോറിനേറ്റ പരിക്ക് ഭേദമാകുകയുള്ളുവെന്നും മെഡിക്കല്‍ സംഘം പറഞ്ഞു.
നിലവിലുള്ള ചികിത്സാ രീതി തുടരുക എന്നതു തന്നെയാണ് ഡോക്ടർമാരുടെ അഭിപ്രായം എന്ന് മന്ത്രി പി രാജീവ് പറഞ്ഞു. “കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം വന്നിരുന്നു. അവര്‍ ഉമ തോമസിനെ കണ്ടു, ഡോക്ടര്‍മാരുമായി സംസാരിച്ചു. നിലവിലുള്ള ചികിത്സാ രീതി തുടരുക എന്നതു തന്നെയാണ് അവരുടെയും പക്ഷം. ആശുപത്രിയിലേക്ക് കൊണ്ടുവന്നതിനേക്കാളും മെച്ചപ്പെട്ട സ്ഥിതിയിലാണ് ഇപ്പോഴുള്ളത്. ഒരു ശസ്ത്രക്രിയ വേണ്ടതില്ല എന്ന നിലപാടു തന്നെയാണ് കോട്ടയത്തെയും ഇവിടത്തെയും ഒപ്പം ബന്ധപ്പെട്ട വിദഗ്ധ ഡോക്ടര്‍മാരുടെയും അഭിപ്രായം.” ഉമാ തോമസിനെ സന്ദർശിച്ച ശേഷം മന്ത്രി പി രാജീവ് പറഞ്ഞു.