സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമർശിച്ചു കൊണ്ട് ‘കട്ടപ്പുറത്തെ കേരള സർക്കാർ ‘ എന്ന പേരിലുള്ള ധവളപത്രം യുഡിഎഫ് പുറത്തിറക്കി. കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നതിന്റെ തെളിവുകൾ സഹിതം ആണ് ധവള പത്രം തയ്യാറാക്കിയിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കിഫ്‌ബി പൂർണ്ണപരാജയം ആണെന്നും കിഫ്‌ബിയുടെ കയ്യിൽ ആകെ 3400 കോടി മാത്രമാണ് ഉള്ളതെന്നും ധവളപത്രത്തിൽ പറയുന്നു.
ധനമന്ത്രിയുടെ വാദങ്ങൾ തള്ളിക്കളയുന്ന പ്രതിപക്ഷനേതാവ്, പ്രഖ്യാപിച്ച പദ്ധതികൾ നിറവേറ്റാൻ കേരളം ഇനിയും കടമെടുക്കേണ്ടിവരും എന്ന് കുറ്റപ്പെടുത്തി. നിലവിലെ സ്ഥിതിയാണ് തുടരുന്നതെങ്കിൽ താമസിയാതെ 4,00,000 കോടി കടത്തിലേക്ക് കേരളം എത്തുമെന്നും പറഞ്ഞു. ഏറ്റവും മോശപ്പെട്ട നികുതി പിരിവ് നടക്കുന്നത് കേരളത്തിൽ ആണെന്നും ധവളപത്രത്തിൽ ചൂണ്ടികാണിക്കുന്നു. മുടങ്ങിയ സർക്കാർ പദ്ധതിയുടെ വിവരങ്ങളും പത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കിഫ്‌ബി യുടെ കയ്യിൽ ഇപ്പോൾ 3419 കോടി മാത്രമായിരിക്കേ എങ്ങനെ ,കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുമെന്നും ചോദ്യമുണ്ട്. സംസ്ഥാന സർക്കാറിനെ മാത്രമല്ല കേന്ദ്രസർക്കാരിനെയും ധവളപത്രം രൂക്ഷമായി വിമർശിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ ശബരീനാഥൻ, സി എം പി നേതാവ് സി പി ജോൺ, ആർഎസ്പി നേതാവ് എൻ കെ പ്രേമചന്ദ്രൻ എം പി, പിസി തോമസ്, എൻ ഷംസുദ്ദീൻ, മാത്യു കുഴൽനാടൻ തുടങ്ങിയവർ അടങ്ങിയഉപ സമിതിയാണ് ധവളപത്രം തയ്യാറാക്കിയിരിക്കുന്നത്.