നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്നത് കാണാനായി എത്തുന്ന വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ആറുമുതൽ വൈകീട്ട് നാലുവരെയായിരിക്കും നീലക്കുറിഞ്ഞി കാണാൻ സമയം അനുവദിക്കുക. കുമളി, കട്ടപ്പന, നെടുങ്കണ്ടം ഭാഗങ്ങളിൽനിന്ന് വിനോദ സഞ്ചാരികൾ വരുന്ന ബസുകളും ട്രാവലറുകളും ഉടുമ്പൻചോല ജങ്ഷനിൽ നിർത്തി കെ.എസ്.ആർ.ടി.സി ബസുകളിൽ സന്ദർശനസ്ഥലത്തേക്കും തിരികെ ഉടുമ്പൻചോല ജങ്ഷനിലേക്കും പോകണം. ഒക്ടോബർ 22, 23, 24 തീയതികളിൽ മൂന്നാർ, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളിൽനിന്ന് വിനോദ സഞ്ചാരികൾ വരുന്ന ബസുകളും ട്രാവലറുകളും പൂപ്പാറ ജങ്ഷനിൽ നിർത്തി കെ.എസ്.ആർ.ടി.സി ഫീഡർ ബസുകളിൽ സന്ദർശന സ്ഥലത്തേക്കും തിരികെ പൂപ്പാറ ജങ്ഷനിലേക്കും പോകണം.
മൂന്നാർ, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും നെടുങ്കണ്ടം ഭാഗത്തേക്ക് പോകേണ്ട വിനോദ സഞ്ചാരികൾ അല്ലാത്ത യാത്രക്കാർ പൂപ്പാറ, മുരിക്കുതൊട്ടി, സേനാപതി, വട്ടപ്പാറ വഴി പോകണം. കുമളി, കട്ടപ്പന, നെടുങ്കണ്ടം ഭാഗങ്ങളിൽ നിന്നും പൂപ്പാറ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ ഉടുമ്പൻചോല, വട്ടപ്പാറ, സേനാപതി വഴി പോകണം.
പൂക്കൾ പറിക്കുന്നത് ശിക്ഷാർഹമാണ്. പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വേസ്റ്റ് ബിന്നിൽ മാത്രം നിക്ഷേപിക്കണം. ചെറിയ വാഹനങ്ങൾ പൊലീസിന്‍റെ നിർദേശാനുസരണം പാർക്ക് ചെയ്യണം.