തിരുവനന്തപുരം: സംസ്ഥാനത്ത് വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളുടെ സമയം മാറുന്നു, ജനുവരി ഒന്ന് മുതൽ പുതിയ സമയക്രമം നിലവിൽ വരും. കോട്ടയം വഴിയുള്ള തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ്, തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ്, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ്,കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി, എന്നീ ട്രെയിനുകളുടെ സമയത്തിലാണ് റെയിൽവേ മാറ്റം വരുത്തിയത്.
തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസിന്റെ ചെങ്ങന്നൂർ മുതൽ തൃശൂർ വരെയുള്ള സമയത്തിലാണ് ചെങ്ങന്നൂരിൽ നിന്നും 06.55 ന് പകരം 06.51 ന് വന്ദേഭാരത് പുറപ്പെടും. കോട്ടയത്ത് നിന്ന് പുറപ്പെടുന്ന സമയം 07.27 ൽ നിന്ന് 07.21 ലേയ്‌ക്ക് മാറും. എറണാകുളം ടൗണിൽ നിന്ന് 08.25 ന് പകരം 08.17 ന് ഇനിമുതൽ എത്തിച്ചേരും.
പുതിയ സമയപ്രകാരം വന്ദേഭാരത് തൃശൂരിൽ 10 മിനിറ്റ് നേരത്തെ എത്തുകയും ചെയ്യും. 20633 തിരുവനന്തപുരത്തേയ്‌ക്കുള്ള വന്ദേഭാരത് എക്സ്പ്രസിന്റെ സമയം കണ്ണൂർ മുതൽ എറണാകുളം ടൗൺ വരെയുള്ള സ്റ്റേഷനിൽ മാറ്റം വരും. എല്ലാ സ്റ്റേഷനിലും നേരത്തെ എത്തിച്ചേരും. എറണാകുളം ടൗണിൽ നിന്ന് 07.20 ന് പകരം ജനുവരി ഒന്ന് മുതൽ 07.15 ന് പുറപ്പെടും.

