പാലക്കാട് കൊല്ലങ്കോട് ഇന്ന് രാവിലെ കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു. ആന്തരിക രക്തസ്രാവമെന്നാണ് നിഗമനം. ആന്തരിക രക്തസ്രാവമെന്ന് സംശയിക്കുന്നുണ്ടെങ്കിലും പോസ്റ്റ് മോർട്ടം നടത്തിയതിന് ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ.
നാളെയാണ് പോസ്റ്റ്‌മോര്‍ട്ടം നിശ്ചയിച്ചിരിക്കുന്നത്. ഏറെ നേരം കമ്പിവേലിയിൽ തൂങ്ങിക്കിടന്നതിനാൽ ആന്തരികാവയവങ്ങളെ തകരാറിലാക്കിയിരിക്കാം എന്നാണ് കരുതുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയതിന് ശേഷം പുലിയെ മയക്കുവെടി വെച്ച് കൂട്ടിലാക്കിയിരുന്നു. പുലിയെ കൂട്ടിലാക്കുന്നതിനായി വച്ച മയക്കുവെടി ശരീരത്തിൽ തട്ടി തെറിച്ചു പോയിരുന്നു. അതിനാൽ തന്നെ മരുന്ന് വളരെ കുറച്ച് മാത്രമേ പുലിയുടെ ശരീരത്തിൽ കയറിയിരുന്നുള്ളൂ. എന്നാൽ പുലി അവശനായതിനാൽ വീണ്ടും വെടി വെക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
നാല് വയസ് തോന്നിക്കുന്ന പെണ്‍പുലിയാണ് പാലക്കാട് കൊല്ലങ്കോടിന് സമീപം നെന്മേനി വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പിവേലിയില്‍ ചൊവ്വാഴ്ച രാവിലെ കുടുങ്ങിയത്വാ ഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണൻ എന്ന വ്യക്തിയുടെ മാവിൻതോപ്പിലാണ് പുലി കുടുങ്ങിയത്. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. രാവിലെയാണ് പുലി കമ്പിവേലിയിൽ കുടുങ്ങിയ കാര്യം വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഇതോടെ നാട്ടുകാരെല്ലാം ഒത്തുകൂടി വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ജനവാസമേഖലയിൽ പുലി ഇറങ്ങിയത് നാട്ടുകാരെ ഏറെ പരിഭ്രാന്ത്രിയാഴ്ത്തി. പ്രദേശത്ത് രാത്രി എത്തിയ പുലി ഒരു പറമ്പിൽ നിന്ന് കമ്പിവേലി മറികടക്കുന്നതിനുള്ള ശ്രമം നടത്തുന്നതിനിടെ കുടുങ്ങിയെന്നാണ് കരുതപ്പെടുന്നത്.
പുലിയെ എങ്ങനെ രക്ഷപ്പെടുത്താൻ കഴിയുമെന്ന കാര്യം സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. ഒടുവിൽ മയക്കുവെടി വെക്കാമെന്ന തീരുമാനം എടുക്കുകയായിരുന്നു. പുലി രക്ഷപ്പെട്ടാൽ ജനവാസമേഖലയിലേക്ക് പ്രവേശിക്കുമെന്ന് ആശങ്കയും നിലനിന്നിരുന്നു. ആദ്യം പുലിയെ വല ഉപയോഗിച്ച് പിടികൂടാമെന്നായിരുന്നു തീരുമാനം. എന്നാൽ ഇത് അപകടകരമാണെന്ന് മനസ്സിലാക്കിയപ്പോൾ മയക്കുവെടി വെക്കാൻ തീരുമാനിച്ചു. അടുത്തു നിന്നാണ് ഒരു റൌണ്ട് മയക്കുവെടി വെച്ചത്. പത്തുമിനുട്ടിനകം മയങ്ങിയ പുലിയ കൂട്ടിലേക്ക് മാറ്റുകയും ചെയ്തു. കൂട്ടിലേക്ക് മാറ്റിയ പുലിയെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് പുലി ചത്തത്. കൊല്ലങ്കോടിന് അടുത്ത് നെന്മേനിക്ക് സമീപമാണ് വാഴപ്പുഴ സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് ഇതാദ്യമായല്ല പുലിയെ കാണുന്നത്.